ദേശീയപാതയോരത്തുള്ള പമ്പുകളിലെ ശുചിമുറി എല്ലാവർക്കും ഉപയോഗിക്കാം; മുൻഉത്തരവിൽ ഭേദഗതിയുമായി ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവിൽ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകൾ തുറന്നുകൊടുക്കണമെന്നും സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിലെ തടയാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശസ്‌ഥാപനങ്ങളെന്നും ഈ ഉത്തരവാദിത്തം പമ്പുടമകളിൽ അടിച്ചേൽപിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതി വിധിച്ചത്. സ്വന്തം പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി.എസ്.ഡയസിൻ്റെ ഇടക്കാല ഉത്തരവ് വന്നത്. പൊതുജനങ്ങൾക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നൽകണമെന്ന് ഉടമകളെ നിർബന്ധിക്കരുതെന്നു സംസ്‌ഥാന സർക്കാരിനും തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനും കോടതി നിർദേശം നൽകിയിരുന്നു.പമ്പുകളിൽ പെട്രോളും ഡീസലും അടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദർഭത്തിൽ ഉപയോഗിക്കുന്നതിനാണു ശുചിമുറിയെന്നു ഹർജിക്കാർ വാദിച്ചു.
എന്നാൽ അതു പൊതുശുചിമുറിയാക്കണമെന്നാണു സർക്കാരും തിരുവനന്തപുരം കോർപറേഷനും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. ഏറെ അപകടസാധ്യത മേഖല കൂടിയായ പമ്പുകളിൽ പലപ്പോഴും ശുചിമുറിയെ ചൊല്ലി വഴക്കുകളും മറ്റും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ടൂറിസ്‌റ്റ് ബസുകളിലും മറ്റും എത്തുന്ന യാത്രക്കാർ പോലും ശുചിമുറി സൗകര്യം ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് പമ്പ് ഉടമകൾ കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണു കോടതി ഇടക്കാല ഉത്തരവിട്ടത്.





