Kerala
HomeNews

കൊച്ചിയില്‍ മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

7 Aug 20251 മിനിറ്റ് വായന
കൊച്ചിയില്‍ മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

  


മെട്രോ ട്രാക്കില്‍ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മരിച്ചത്.വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിക്കായിരുന്നു സംഭവം.


വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റെടുത്ത നിസാർ ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകള്‍ നിർത്തുന്ന ഭാഗത്ത് അല്‍പ്പസമയം നിന്നശേഷം ട്രാക്കിലേക്ക് ചാടി. ഇതുകണ്ട് ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാള്‍ നിന്നില്ല. ഉടൻ തന്നെ ട്രാക്കിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ ജീവനക്കാർ ഓഫ് ചെയ്‌തു. ട്രാക്കിലൂടെ ഓടിയ നിസാർ പില്ലർ നമ്ബർ 1013ന് അടുത്തെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.


ഈ സമയം ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്തിരിപ്പിക്കാൻ മെട്രോ ജീവനക്കാരും പൊലീസും ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും നടന്നില്ല. രക്ഷിക്കാനായി ഫയർഫോഴ്‌സ് വലയും വിരിച്ചിരുന്നു. എന്നാല്‍, വലയില്‍ വീഴാതിരിക്കാനായി ഇയാള്‍ കൈവരിയില്‍ പിടിച്ച്‌ നടന്നശേഷം മറ്റൊരു സ്ഥലത്തേക്ക് ചാടുകയായിരുന്നു.


റോഡില്‍ ആദ്യം കൈ കുത്തി വീണ നിസാറിന്റെ തല പിന്നീട് റോഡിലിടിച്ചുവെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം സ്വദേശിയായ ഇയാള്‍ എന്തിനാണ് എറണാകുളത്ത് എത്തിയതെന്നോ ജീവനൊടുക്കിയതിന് പിന്നിലെ കാരണമോ വ്യക്തമല്ല.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക