കാടുകയറിയ വീട്, കുളങ്ങളിൽ മാംസം തിന്നുന്ന മീനുകൾ; നാട്ടുകാരുടെ 'അമ്മാവൻ', അക്കൗണ്ടിൽ കോടികൾ: ദുരൂഹം സെബാസ്‌റ്റ്യൻ!

ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളിൽ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്‌റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കർ ജോലിയും സ്ഥിരം യാത്രകളും ലോഡ്‌ജുകളിൽ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യൻ. ദിവസങ്ങൾ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേർന്ന രണ്ടരയേക്കർ സ്ഥലത്ത് ഇയാൾ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്‌ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകൾ നിറഞ്ഞതാണ്. കുളങ്ങളിൽ മാംസം തിന്നുന്ന പിരാന, ആഫ്രിക്കൻ മുഷി തുടങ്ങിയ മീനുകളെ ഇയാൾ വളർത്തിയിരുന്നു. നാട്ടിലെ അമ്മാവൻ എന്നാണ് ഇയാൾ അറിയപ്പെട്ടത്.
അതേസമയം, സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ ജില്ലയുടെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യൻ പിൻവലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്‌ഥ ഐഷ (57) എന്നിവരെ വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരിൽ വ്യാജ മുക്‌ത്യാർ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യൻ വിൽപന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്‌തുക്കൾ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണാതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വർണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഏറ്റവും ഒടുവിൽ കാണാതായ ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്‌നമ്മ (ജെയ്ൻ മാത്യു-54)യുടെ സ്വർണാഭരണങ്ങൾ സെബാസ്‌റ്റ്യൻ വിൽപന നടത്തിയെന്നും കണ്ടെത്തി. കാണാതായ സ്ത്രീകളിൽ നിന്ന് ഇയാൾ എത്രമാത്രം സമ്പാദ്യം കവർന്നിട്ടുണ്ട് എന്തു കണ്ടെത്താനാണു സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നത്. തന്റെ കയ്യിൽ 150 പവൻ സ്വർണമുണ്ടെന്നു സെബാസ്റ്റ്യൻ പലരോടും പറഞ്ഞിരുന്നതായി അയൽവാസികൾ പറയുന്നു.





