Kerala
HomeNews

ബംഗളുരുവില്‍ യുവ എൻജിനിയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം

29 Aug 20251 മിനിറ്റ് വായന
ബംഗളുരുവില്‍ യുവ എൻജിനിയറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം

 


ബംഗളുരു:ബെംഗളൂരുവില്‍ യുവ എൻജിനിയറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്ത്രീധനത്തിന്റെ പേരിലുള്ള നിരന്തരമായ പീഡനമാണ് മരണകാരണമെന്ന് യുവതിയുടെ മാതാപിതാക്കള്‍ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നല്‍കി.തെക്കൻ ബെംഗളൂരുവിലെ സുദ്ദഗുണ്ടെപാളയയിലുള്ള വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് 27 കാരിയായ ശില്‍പ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടര വർഷം മുൻപാണ് ഇൻഫോസിസില്‍ സോഫ്റ്റ്‌വെയർ എൻജിനിയറായിരുന്ന ശില്‍പ്പ, ഒറാക്കിളില്‍ എൻജിനിയറായിരുന്ന പ്രവീണിനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. വിവാഹസമയത്ത് 15 ലക്ഷം രൂപ, 150 ഗ്രാം സ്വർണാഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ സ്ത്രീധനമായി ആവശ്യപ്പെട്ടതായും, ഇവ നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും ശില്‍പ്പയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

“നിനക്ക് ഇരുണ്ട നിറമാണ്, എന്റെ മകന് യോജിച്ചതല്ല. അവനെ വിടൂ. ഞങ്ങള്‍ അവന് കൂടുതല്‍ നല്ലൊരു വധുവിനെ കണ്ടെത്തും” എന്ന് പ്രവീണിന്റെ അമ്മ ശില്‍പ്പയെ കളിയാക്കിയിരുന്നതായും പരാതിയിലുണ്ട്. ഭർത്താവിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ആറുമാസം മുൻപ് അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടെന്നും അത് നല്‍കിയിട്ടും മാനസികമായി പീഡിപ്പിച്ചെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക