കറിവയ്ക്കാനായി വരാല്‍ മുറിച്ചപ്പോള്‍ കണ്ടത് ഉഗ്രവിഷമുള്ള മൂര്‍ഖനെ;

കറിവയ്ക്കാനായി വെട്ടിയ വരാലിന്റെ വയറ്റില്‍ ഒരടിയിലേറെ നീളമുള്ള പാമ്പിനെ കണ്ടെത്തി. ചാരുംമൂട് പേരൂർ സനോജിന്റെ വീട്ടിലാണ് സംഭവം.ഇന്നലെ രാവിലെ വീടിന് സമീപമുള്ള കോതിച്ചിറ പാടത്ത് നിന്ന് ചൂണ്ടയില്‍ ലഭിച്ച ഒരു കിലോയോളം തൂക്കമുള്ള വരാലിനെ വൃത്തിയാക്കാനായി സനോജിന്റെ ഭാര്യ ശാലിനി വെട്ടിയപ്പോള്‍ വയറ്റില്‍ നിന്ന് പാമ്പ് പാത്രത്തിലേക്ക് വീഴുകയായിരുന്നു. തൊലി അഴുകിത്തുടങ്ങിയിരുന്ന പാമ്പിന്റെ തലയിലെ അടയാളം കണ്ട് മൂർഖനെന്നാണ് കരുതുന്നത്. ഭയന്ന വീട്ടുകാർ വരാലിനെയും പാമ്പിനെയും പറമ്പിൽ കുഴിച്ചിട്ടു.
വരാല്‍ മൂർഖൻ പാമ്പിനെ ഭക്ഷിക്കുന്നത് അപൂർവമാണെന്ന് ജന്തുശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. അവശനായ പാമ്പിനെ ഒരുപക്ഷേ വരാല്‍ വിഴുങ്ങിയതാവാം. ജന്തുലോകത്തെ വൈവിദ്ധ്യങ്ങളില്‍പ്പെട്ട അത്ഭുതമായി ഇതിനെ കണക്കാക്കാമെന്ന് മുതിർന്ന ജന്തുശാസ്ത്ര പ്രൊഫസർ ഡോ.ജി.നാഗേന്ദ്രപ്രഭു പറഞ്ഞു.





