ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിങ് സെപ്റ്റംബർ 10 വരെ നീട്ടി

തിരുവനന്തപുരം : പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ് നടത്താനാകും.
അതേസമയം, ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കുടിശ്ശിക അടക്കം രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്ത് തുടങ്ങി.
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ് ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിൻ്റെ ആനുകൂല്യം ലഭിക്കും. സെപ്‌തംബർ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടി തുടങ്ങും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും.
ഈ വർഷം രണ്ടാമത്തെ ഗഡു ഡിഎ, ഡിആർ ആണ് ഇപ്പോൾ അനുവദിച്ചത്. കഴിഞ്ഞവർഷവും രണ്ടു ഗഡു അനുവദിച്ചിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പ്രഖ്യാപിച്ച മെച്ചപ്പെട്ട ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കിയത് രണ്ടാം പിണറായി സർക്കാരാണ്.





