ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി പണം കൈമാറിയത് വിജിലൻസ് കണ്ടെത്തി; പലരിൽനിന്നായി ലഭിച്ചത് ഒരുലക്ഷത്തിൽപ്പരം രൂപ സംഭവം ബദിയഡുക്ക സബ് രജിസ്ട്രാർ ഓഫീസിൽ..

കാസർകോട്: മേശവലിപ്പിൽ നോക്കി. ഫയലുകൾക്കിടയിൽ നോക്കി. ഉദ്യോഗസ്ഥരുടെ കീശയും പഴ്‌സും നോക്കി. അനധികൃതമായി ഒരു ചില്ലിക്കാശും കണ്ടെത്തിയില്ല. അപ്പോഴാണ് മിന്നൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുതിയ പണവിനിമയമാർഗം ഓർമ്മ വന്നത്. ജീവനക്കാരുടെ മൊബൈൽ എടുത്ത് ഓൺലൈൻ ആപ്ലിക്കേഷൻ തുറന്ന വിജിലൻസ് സംഘം ഞെട്ടി. പലരിൽനിന്നായി ഉദ്യോഗസ്ഥർക്ക് ലഭിച്ചത് ഒരുലക്ഷത്തിൽപ്പരം രൂപ.
ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിൽ ബദിയഡുക്ക സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് അനധികൃത ഇടപാടുകൾ കണ്ടെത്തിയത്. 1,89,680 രൂപയാണ് ഓൺലൈൻ ഇടപാടിലൂടെ ഇവിടത്തെ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. നേരത്തേ രജിസ്ട്രാറായിരുന്ന ആർ.വിനോദ്, വ്യാഴാഴ്ച രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ഭാസ്കരൻ, അബൂബക്കർ സിദ്ദിഖ്, യദുകൃഷ്ണൻ എന്നിവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്.
കൂടുതൽ പരിശോധനയിൽ ആധാരമെഴുത്തുകാരാണ് ഈ തുക അയച്ചുകൊടുത്തതെന്നും കണ്ടെത്തി. ഇതുസംബന്ധിച്ച തുടരന്വേഷണങ്ങളുമുണ്ടാകും. നേരിട്ട് പണം കൈപ്പറ്റുന്നതിലെ അപകടം മനസ്സിലാക്കി ആധാരമെഴുത്തുകാർ മുഖേന പുതിയ രീതിയിൽ ഇടപാട് നടത്തുകയാണ് ഉദ്യോഗസ്ഥരെന്ന് പരിശോധനയിൽ വിജിലൻസ് സംഘത്തിനും ബോധ്യപ്പെട്ടു.





