Kerala
HomeNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതി; രണ്ട് പേർ പിടിയിൽ

30 Aug 20251 മിനിറ്റ് വായന
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതി; രണ്ട് പേർ പിടിയിൽ

 


തൃശൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പരുക്കേൽപ്പിച്ചെന്ന കേസിൽ രണ്ട് പേർ പിടിയിൽ. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി വിയ്യത്ത് വീട്ടിൽ സെമീം (20), കരുവന്നൂർ പുത്തൻതോട് സ്വദേശി പേയിൽ വീട്ടിൽ അഭിജിത്ത് (21) എന്നിവരാണ് വലപ്പാട് പോലീസിന്റെ പിടിയിലായത്. പെരിങ്ങോട്ടുകര സ്വദേശിയായ 15കാരനെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി മർദിച്ചത്.

തന്റെ സുഹൃത്തുക്കളോട് പ്രതികളുമായി സൗഹൃദത്തിലേർപ്പെടരുതെന്ന് ആൺകുട്ടി വിലക്കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.15ന് തൃപ്രയാറിലെ കടയിൽ സാധനങ്ങൾ വാങ്ങി നിൽക്കുമ്പോഴാണ് 15കാരനെ തട്ടിക്കൊണ്ടുപോയത്. കടയിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കി ബലം പ്രയോഗിച്ച് മോട്ടോർസൈക്കിളിൽ കയറ്റി തൃപ്രയാർ മേൽപ്പാലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് മോട്ടോർസൈക്കിളിൽ വച്ചും പാലത്തിനു മുകളിൽ എത്തിച്ചും കൈകൊണ്ടും കല്ല് കൊണ്ടും ആക്രമിച്ച് പരുക്കേൽപ്പിച്ചെന്നാണ് ആരോപണം. സംഭവം പുറത്ത് പറഞ്ഞാൽ പരാതിക്കാരനായ കുട്ടിയെയും അച്ഛനെയും അമ്മയെയും വീട്ടിൽക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ആക്രമണത്തിൽ പരാതിക്കാരനായ കുട്ടിക്ക് ഇടത് കണ്ണിൽ സാരമായി പരുക്കേറ്റിരുന്നു.

പ്രതികളിലൊരാളായ അഭിജിത്ത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് അടിപിടിക്കേസുകളിലും ലഹരി കേസിലും അടക്കം മൂന്ന് കേസുകളിൽ പ്രതിയാണ്. വലപ്പാട് പോലീസ് എസ്.എച്ച്.ഒ. അനിൽകുമാർ, സബ് ഇൻസ്പെക്‌ടർ എബിൻ.സി.എൻ, ജി.എ.എസ്.ഐ. ഭരതനുണ്ണി, ജി.എസ്.സി.പി.ഒമാരായ റഷീദ്, സുനിൽകുമാർ, സി.പി.ഒ മാരായ ശ്യാം, ജെസ്ലിൻ, വിഷ്ണു ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക