ചാർജ് ചെയ്യുന്നതിനിടെ പവർബേങ്ക് പൊട്ടിത്തെറിച്ചു; വീട് പൂർണമായും കത്തിനശിച്ചു; വീട്ടുകാർ പുറത്തായതിനാൽ രക്ഷപ്പെട്ടു..!

പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടികയിലെ അത്തംപറമ്പിൽ അബൂബക്കർ സിദ്ദീഖിന്റെ ഓലമേഞ്ഞ വീടാണ് രാത്രി 10:30-ഓടെ തീപിടിച്ച് നശിച്ചത്. അപകടസമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോ ഡ്രൈവറാണ് സിദ്ധീഖ്.
പവർബാങ്ക് ചാർജ് ചെയ്യാനിട്ട ശേഷം സിദ്ദീഖും കുടുംബവും പുറത്തേക്ക് പോയതായിരുന്നു. ശക്തമായ ശബ്ദത്തോടെ പവർബാങ്ക് പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളും നാട്ടുകാരും സമീപത്തെ കിണറുകളിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്.
വിവരമറിഞ്ഞ് തിരൂർ ഫയർ സ്റ്റേഷനിൽനിന്ന് ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, രേഖകൾ, വസ്ത്രങ്ങൾ എന്നിവ പൂർണമായും കത്തിനശിച്ചു
ആറ് വർഷം മുമ്പ് വാടകവീട്ടിൽനിന്ന് ഈ വീട്ടിലേക്ക് താമസം മാറിയ സിദ്ദീഖും ഭാര്യ അഫ്‌സിതയും മക്കളായ ഫാത്വിമ റബീഅ, ലഹ്‌സ ഫാത്വിമ എന്നിവരും വർഷങ്ങളായി പുതിയ വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
മേൽക്കൂരയിലെ ചോർച്ച കാരണം പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചതായിരുന്നു തീ വേഗത്തിൽ പടരാൻ കാരണമായതെന്നാണ് കരുതുന്നത്.





