Kerala
HomeNews

ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയത് വെറുതേ!! ആംബുലൻസിൽ രോഗി ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ. വാഹനവും ഡ്രൈവറും MVD കസ്റ്റഡിയിൽ

30 Aug 20252 മിനിറ്റ് വായന
ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാരി ഓടിയത് വെറുതേ!! ആംബുലൻസിൽ രോഗി ഇല്ലായിരുന്നുവെന്ന് കണ്ടെത്തൽ. വാഹനവും ഡ്രൈവറും MVD കസ്റ്റഡിയിൽ

 


തൃശൂരിൽ വനിത എഎസ്ഐ വഴിയൊരുക്കിയ ആംബുലൻസിൽ രോഗി ഇല്ലായിരുന്നെന്ന കണ്ടെത്തലിനു പിന്നിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ർ പി.വി. ബിജുവിൻ്റേയും സംഘത്തിന്റേയും നീക്കങ്ങൾ. തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിതാ പോലീസ് ഉദ്യോഗസ്‌ഥ വഴിയൊരുക്കിയതിൻ്റെ വീഡിയോ നവമാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. രോഗിയുമായി പോയ ആംബുലൻസിന് പെട്ടെന്ന് വഴിയൊരുക്കിയതായിരുന്നു കയ്യടിക്ക് കാരണം.

പക്ഷേ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലായിരുന്നു. ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം വിശ്വസനീയമായ കേന്ദ്രത്തിൽ നിന്നും ഉദ്യോഗസ്‌ഥർക്കു കിട്ടുന്നത്. അന്വേഷണം നടത്താൻ ഒരു കാരണമുണ്ട് . ആംബുലൻസിന്റെ ഡ്രൈവർ വണ്ടി ഓടിക്കുമ്പോൾ മിററിൽ ഡ്രൈവർ വിഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ വലതുഭാഗത്തുള്ള കണ്ണാടിയിൽ ആണ് എഎസ്ഐ ഓടി വരുന്നത് കണ്ടത്. അങ്ങനെ ഷൂട്ട് ചെയ്യണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കൂവെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി.ബിജു  പറഞ്ഞു.

അന്വേഷണത്തിൻ്റെ ഭാഗമായി തൊടുപുഴയിലുള്ള വാഹന ഉടമയുമായി ബന്ധപ്പെട്ടു. ഡ്രൈവറുടേയും വാഹനത്തിലുണ്ടായിരുന്ന നഴ്‌സിന്റേയും വിവരങ്ങൾ ശേഖരിച്ചു. രോഗിയേയും കൊണ്ട് അശ്വിനി ജംക്ഷനിൽ വരാനുള്ള സമയവും മാളയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് എത്താനുള്ള സമയവും തമ്മിൽ പൊരുത്തക്കേടുകൾ തോന്നി. അങ്ങനെ ഡ്രൈവറെ നേരിട്ട് വിളിച്ച് സംസാരിച്ചു. മെഡിക്കൽ കോളജിലേക്ക് രോഗിയെ കൊണ്ടുവരുന്ന വഴിക്ക് അവിടെ ഐസിയു ബെഡ് ലഭ്യമല്ലെന്നറിഞ്ഞു. അങ്ങനെ ജൂബിലി മിഷനിലേക്ക് വാഹനം തിരിച്ചെന്നുമായിരുന്നു ഡ്രൈവറുടെ ന്യായീകരണം. ഇതും വിശ്വസനീയമായി തോന്നിയില്ല. ഇതോടെ ഡ്രൈവറോടു നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു.

ദിവസങ്ങൾ കഴിഞ്ഞിട്ടും വന്നില്ല. നിർബന്ധമായും വരണമെന്ന് ആവശ്യപ്പെതോടെയാണ് ഡ്രൈവറും നഴ്സു‌ം ഹാജരായത്‌. വസ്‌തുതകൾ മറച്ചു വയ്ക്കുന്ന രീതിയിലായിരുന്നു ഡ്രൈവറും നഴ്സു‌ം സംസാരിച്ചത്. എന്നാൽ രണ്ടു പേരേയും ഒറ്റക്കിരുത്തി ചോദ്യം ചെയ്‌തപ്പോൾ സത്യം പറയേണ്ടി വന്നെന്ന് പി.വി ബിജു പറഞ്ഞു. രോഗി ഇല്ലെങ്കിൽ സൈറൺ ഇടാൻ പാടില്ല. മറ്റേതൊരു വാഹനത്തേപ്പോലെയും നിയമങ്ങൾ പാലിച്ച് സഞ്ചരിക്കണം. ഡ്രൈവിങ്ങിനിടെ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്‌തത്‌ തെറ്റാണ്. ഡ്രൈവർക്കെതിരെ നടപടിയുണ്ടാകും. ലൈസൻസ് പിടിച്ചെടുത്തിട്ടുണ്ട്. വനിത എഎസ്ഐ ഓടി വരുന്നത് ഡ്രൈവർ കണ്ടിരുന്നു. വാഹനത്തിൽ രോഗി ഇല്ലെന്ന് പറയാമായിരുന്നു. അതും തെറ്റാണ്. ആത്മാർഥതയോടെ ജോലി ചെയ്യുന്ന ആ ഓഫിസറെക്കൂടി ചതിക്കുന്ന പ്രവർത്തിയാണ് ഇവിടെ ഉണ്ടായത്. അതിനും നടപടിയെടുക്കും - മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട‌ർ  വ്യക്തമാക്കി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക