Kerala
HomeNews

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിൽ കഴിയുന്നത് ഏഴുപേർ

24 Aug 20251 മിനിറ്റ് വായന
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ചികിത്സയിൽ കഴിയുന്നത് ഏഴുപേർ

 


സംസ്ഥാനത്ത് ഒരാൾക്കുകൂടി  അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമീബിക്  മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴായി.


കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച മരിച്ച ഒമ്പതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തിൽ കുളിച്ചിരുന്നുവെന്നാണ് വിവരം.


എന്താണ് അമീബിക് മസ്തിഷ്കജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്‌തിഷ്ക ജ്വരം. നേഫ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.


മൂക്കിനേയും മസ്‌തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക