Kerala
HomeNews

‘ഞാന്‍ മരിക്കാന്‍ പോകുകയാണ്’! പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍; പിന്നീട് സംഭവിച്ചത്...

4 Aug 20251 മിനിറ്റ് വായന
 ‘ഞാന്‍ മരിക്കാന്‍ പോകുകയാണ്’! പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍കോള്‍; പിന്നീട് സംഭവിച്ചത്...


ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍ വന്നുവെന്നും പിന്നീട് സംഭവിച്ചതെന്താണെന്നും വ്യക്തമാക്കി കേരളാ പൊലീസ്. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായാത് യുവാവിന്റെ ജീവനാണെന്നും കേരളാ പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:


ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലില്‍ രക്ഷിക്കാനായാത് യുവാവിന്റെ ജീവന്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോള്‍ എത്തിയത്. പാറാവ് ഡ്യൂട്ടിയിലായിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യയാണ് കോള്‍ അറ്റന്‍ഡ് ചെയ്തത്. ഫോണ്‍ വിളിച്ച യുവാവിനെ സൗമ്യ ആദ്യം സമാധാനപ്പെടുത്തുകയും, ഉടന്‍ തന്നെ ഈ വിവരം ജി.ഡി ചാര്‍ജിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഫിറോസിനെ അറിയിക്കുകയും ചെയ്തു. ഫിറോസ് യുവാവുമായി ഫോണില്‍ സംസാരിച്ച് ശാന്തനാക്കാന്‍ ശ്രമിച്ചു. ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്തു. ഉടനെ വിഡിയോ കോളിലൂടെ ബന്ധപ്പെട്ടപ്പോള്‍ യുവാവ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതായാണ് കണ്ടത്. ഉടനടി വാടാനപ്പള്ളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷൈജു എന്‍.ബി യെ വിവരം അറിയിച്ചു. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത്, ഫിറോസ്, സി.പി.ഒ.മാരായ ജോര്‍ജ് ബാസ്റ്റ്യന്‍, ശ്യാം എന്നിവര്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. തളിക്കുളം കച്ചേരിപ്പടി പടിഞ്ഞാറ് എത്തിയ സംഘം നാട്ടുകാരുടെ സഹായത്തോടെ യുവാവിന്റെ വീട് കണ്ടെത്തി. വീട്ടില്‍ ചെന്നപ്പോള്‍ ഒരു റൂമില്‍ മാത്രം ലൈറ്റ് തെളിഞ്ഞിരുന്നു. കതക് മുട്ടിയിട്ടും തുറന്നില്ല. ലൈറ്റ് തെളിഞ്ഞിരുന്ന റൂമിന്റെ ജനല്‍ പൊട്ടിച്ച് നോക്കിയപ്പോള്‍ യുവാവ് തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. ഉടന്‍ വാതില്‍ പൊളിച്ച് അകത്ത് കടന്ന പൊലീസ് സംഘം, യുവാവ് കെട്ടിതൂങ്ങാന്‍ ഉപയോഗിച്ച തുണി അഴിച്ചു മാറ്റി സി പി ആര്‍ നല്‍കുകയും, ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിവരം അറിയിച്ച്, യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് സുരക്ഷിതനാണ്, ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക