അച്ഛനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും രക്തക്കറയും, മകൻ കസ്റ്റഡിയിൽ

പാലക്കാട്:കൊഴിഞ്ഞാമ്പാറയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. നല്ലേപ്പിള്ളി, വാളറ തോട്ടത്തുകളം സി രാമൻകുട്ടി(58) ആണ് മരിച്ചത്. സംഭവത്തിൽ രാമൻകുട്ടിയുടെ മകൻ ആദർശിനെ(26) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് ആദർശ് രാമൻകുട്ടി മുറ്റത്ത് വീണുകിടക്കുന്ന വിവരം സമീപവാസികളെ അറിയിച്ചത്.
ഇവരുടെ സഹായത്തോടെ രാമൻകുട്ടിയെ അകത്ത് കട്ടിലിൽ കിടത്തി. പിന്നീട് അച്ഛൻ മരിച്ചു എന്ന വിവരം ആദർശ് ബന്ധുക്കളെയടക്കം വിളിച്ചറിയിക്കുകയായിരുന്നു. വീട്ടിലെത്തി മൃതദേഹം കണ്ട ആളുകൾക്ക് രാമൻകുട്ടിയുടെ മരണത്തിൽ സംശയം തോന്നിയതോടെ കൊഴിഞ്ഞാമ്പാറ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
രാമൻകുട്ടിയുടേത് സ്വാഭാവിക മരണമായി ചിത്രീകരിക്കാനുള്ള ആദർശിന്റെ ശ്രമമായിരുന്നുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ രാമൻകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും രക്തക്കറയും കണ്ടെത്തിയിരുന്നു. തുടർന്ന് ഫൊറന്ഡസിക് ടീമും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
രാമൻകുട്ടിയുടെ ഭാര്യ രണ്ട് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇതിന് ശേഷം അച്ഛനും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത്. രാമൻകുട്ടി വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു. രാമൻകുട്ടി മരിച്ച ദിവസം ഇരുവരും മദ്യപിച്ചിരുന്നതായി ആദർശ് പൊലീസിനോട് പറഞ്ഞു.
രാമൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമെ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും നിലവിൽ ആദർശിനെ ചോദ്യം ചെയ്ത് വരികയാണെന്നും കൊഴിഞ്ഞാമ്പാറ പൊലീസ് വ്യക്തമാക്കി.





