Kerala
HomeNews

ചോർന്ന പ്ലാസ്‌റ്റിക് പെല്ലറ്റുകൾ വേളി കായലിലേക്ക്, തടയാൻ ബൂം; തീരം അണയാൻ കാത്ത് വാൻ ഹയി 503

12 Jul 20252 മിനിറ്റ് വായന
ചോർന്ന പ്ലാസ്‌റ്റിക് പെല്ലറ്റുകൾ വേളി കായലിലേക്ക്, തടയാൻ ബൂം; തീരം അണയാൻ കാത്ത് വാൻ ഹയി 503

 


അറബിക്കടലിൽ തീ പിടിച്ച സിംഗപ്പുർ ചരക്കുകപ്പൽ വാൻ ഹയി 503 തുറമുഖത്ത് അടുപ്പിക്കാനുള്ള (പോർട്ട് ഓഫ് റഫ്യൂജ്) അനുമതി വൈകുന്നു. കപ്പൽ ശ്രീലങ്കൻ തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയായിരിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് നിർദേശം നൽകി. അതിനിടെ, അറബിക്കടലിൽ മുങ്ങിക്കിടക്കുന്ന എംഎസ്‌സി എൽസ 3യിൽ നിന്നു ചോർന്ന പ്ലാസ്‌റ്റിക് പെല്ലറ്റുകൾ വേളി കായലിലെത്തുന്നത് തടയാൻ ബൂം (ഒഴുകിയെത്തുന്നത് തടയുന്നതിനുള്ള സംവിധാനം) വിന്യസിച്ചു.

ടഗ് ഓഫ്ഷോർ വാരിയർ വാൻ ഹയിയെ കഴിഞ്ഞ ദിവസം ഇന്ത്യ-മാലദ്വീപ്-ശ്രീലങ്ക രാജ്യങ്ങളുടെ അതിർത്തിയിൽ എത്തിച്ചിരുന്നു. പോർട്ട് ഓഫ് റഫ്യൂജിനുള്ള അനുമതി ലഭിക്കുന്നതിനായുള്ള ചർച്ചകൾ നടന്നു വരികയാണെന്നാണ് കഴിഞ്ഞ ദിവസം ഡയറക്‌ടറേറ്റ് അറിയിച്ചത്. കപ്പൽ കമ്പനിയായ വാൻ ഹയി ലൈൻസും രക്ഷാപ്രവർത്തകരുടെ ടി&ടി സാൽവേജുമാണ് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖ അധികൃതരുമായി ചർച്ച നടത്തുന്നത്.

ആവശ്യമായ രേഖകളും ഇവർ സമർപ്പിച്ചിട്ടുണ്ട്.

കപ്പൽ നിലവിലുള്ള സ്ഥലത്ത് അധികനാൾ തുടരാനാകില്ലെന്നും എത്രയും വേഗം കപ്പൽ അടുപ്പിക്കാനുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്നും ഷിപ്പിങ് ഡയറക്‌ടറേറ്റ് നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ശ്രീലങ്കൻ തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ അകലെ കപ്പൽ തുടരാൻ ഡയറക്ട‌റേറ്റ് നിർദേശം നൽകിയിരിക്കുന്നത്.

വാൻ ഹയിലെ തീപിടുത്തം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലിന്റെ 33 മുതൽ 38 വരെയുള്ള ബേയ്ക്ക് ഇടയിലാണ് പുക ഉയരുന്നത്. അതേ സമയം, എൻജിൻ മുറിയിലെ വെള്ളം ഒരടിയാക്കി കുറയ്ക്കാൻ കഴിഞ്ഞ ദിവസം സാധിച്ചിരുന്നു. സുരക്ഷാ പരിശോധനകൾ നടത്തി സ്ഥിതി വിലയിരുത്തിയാണ് രക്ഷാപ്രവർത്തകർ കപ്പലിൽ പ്രവേശിക്കുന്നത്.

തോട്ടപ്പിള്ളി സ്പ‌ിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിക്കിടക്കുന്ന എംഎസ്‌സി എൽസ 3യുടെ അടുത്ത് കാനറ മേഘ് എന്ന ടഗ് നിലയുറപ്പിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് താഴെപ്പോയ കണ്ടെയ്‌നറുകളിൽ നിന്നുള്ള പ്ലാസ്റ്റ‌ിക് പെല്ലെറ്റുകൾ തന്നെയാണ് ഇപ്പോഴും ഭീഷണി. ഇത് വേളി തടാകത്തിൽ എത്താതിരിക്കാനുള്ള ബൂം വിന്യസിച്ചിട്ടുണ്ട്. അക്വാ ടീമും ഇവിടെ സജ്ജമാണ്. ഇതുവരെ 450 ടണ്ണിലേറെ പ്ലാസ്റ്റിക് പെല്ലെറ്റുകൾ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. അപകട സ്‌ഥലത്ത് ചെറുതായി പടർന്നിട്ടുള്ള എണ്ണപ്പാടയുടെ സാന്നിധ്യം കാനറ മേഘ് നിരീക്ഷിക്കുന്നുണ്ട്. നിലവിൽ ഇതുമൂലം പരിസ്ഥിതി പ്രശ്‌നമില്ലെന്നാണ് റിപ്പോർട്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക