അണ്ടർ 19 ക്രിക്കറ്റ്: കേരള ടീമിൽ കണ്ണൂരിൽനിന്ന് മൂന്ന് താരങ്ങൾ

24 മുതൽ 28 വരെ പുതുച്ചേരിയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ അന്തസ്സംസ്ഥാന വാം അപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കേരളാ ടീമിലേക്ക് കണ്ണൂരിൽനിന്ന് മൂന്ന് താരങ്ങൾ. സംഗീത് സാഗർ, ഇമ്രാൻ അഷ്റഫ്, അമോൽ പ്രദീപ് എന്നിവർ ടീമിൽ ഇടംനേടി.
ഓപ്പണിങ് ബാറ്റ്സ്മാനായ സംഗീത് സാഗർ 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബിസിസിഐ കുച്ച് ബെഹാർ ട്രോഫി കേരള ടീമിലും ബിസിസിഐയുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു.
വിജയ് മർച്ചൻറ് ട്രോഫി മത്സരത്തിൽ മണിപ്പൂരിനെതിരേ 170 റൺസും വിദർഭയ്ക്കെതിരേ 132 റൺസുമെടുത്തു. തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ് താരമാണ്.
2023-ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തിരഞ്ഞെടുത്തിരുന്നു. കോട്ടയംപൊയിൽ എടത്തിൽ ഹൗസിൽ വി. ഗിരീഷ് കുമാറിന്റെയും കെ.കെ. ഷിജിനയുടേയും മകനാണ്.
ടോപ് ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് അണ്ടർ 16 കേരള ടീമംഗമായിരുന്നു. തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ് താരമാണ്. 19 വയസ്സിന് താഴെയുള്ള അന്തർ ജില്ലാ ടൂർണമെൻറിൽ മലപ്പുറത്തിനെതിരേ 101 റൺസെടുത്തു.
കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻഎംസി ഹൗസിൽ മുഹമ്മദ് അഷ്റഫിന്റെയും സെലീനയുടെയും മകനാണ്. ഓപ്പൺസ്കൂൾ 11-ാംക്ലാസ് വിദ്യാർഥിയാണ്.
അമോൽ പ്രദീപ് കേരള ടീമിൽ ആദ്യമാണ്. അന്തർ ജില്ലാ ടൂർണമെൻറിലെ മികച്ച പ്രകടനമാണ് ഇതിന് വഴിയൊരുക്കിയത്. 19 വയസ്സിന് താഴെയുള്ള അന്തർജില്ലാ ടൂർണമെൻറിൽ വയനാടിനെതിരേ 118 റൺസും കാസർകോടിനെതിരേ 88 റൺസുമെടുത്തു.
വലംകൈയൻ മധ്യനിര ബാറ്ററും വലംകൈയൻ ഓഫ് സ്പിന്നറുമായ അമോൽ പ്രദീപ് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരമാണ്. തളിപ്പറമ്പ് പാലക്കുളങ്ങരയിൽ താരങ്കണംവീട്ടിൽ വി.എം. പ്രദീപിന്റെയും വി.എം. സവിതകുമാരിയുടെയും മകനാണ്. ഓപൺ സ്‌കൂൾ 12-ാം ക്ലാസ് വിദ്യാർഥിയാണ്





