Kerala
HomeNews

നായ ഒന്നിന് 2,100 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, തുടക്കം തിരുവനന്തപുരത്ത്

19 Jul 20251 മിനിറ്റ് വായന
നായ ഒന്നിന് 2,100 രൂപ വീതം; ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും, തുടക്കം തിരുവനന്തപുരത്ത്


തിരുവനന്തപുരം:തെരുവുനായ പ്രശ്‌നത്തിന് പരിഹാരമായി സർക്കാരിന് ദ്വിമുഖ പദ്ധതി. കാലതാമസം ഒഴിവാക്കാൻ ദയാവധവും വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ബലത്തിൽ ദയാവധത്തിന് തദ്ദേശസ്‌ഥാപനങ്ങൾക്ക് നടപടി തുടങ്ങാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പേവിഷബാധയോ ഗുരുതരരോഗങ്ങളോ ഉള്ള തെരുവ്നായ്ക്കളെ ദയാവധം നടത്താൻ ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതി. ബ്ലോക്ക് അടിസ്ഥാനത്തിൽ നായ്ക്കളെ വന്ധ്യംകരിക്കാനായി എബിസി കേന്ദ്രങ്ങളിലെ സൗകര്യങ്ങളെല്ലാമുള്ള മൊബൈൽ പോർട്ടബിൾ യൂണിറ്റുകൾ എത്തിക്കും. ആദ്യം തിരുവനന്തപുരത്ത് ഒരെണ്ണം പ്രവർത്തനസജ്ജമാക്കും.

152 ബ്ലോക്കുകൾ സ്ഥാപിക്കുന്നവയിൽ ആദ്യം തുടങ്ങുക എട്ടെണ്ണമാണ്. ഒന്ന് സിഎസ്ആർ ഫണ്ട് ഉപയോഗിച്ചും ഏഴെണ്ണം മൃഗസംരക്ഷണവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചും ബാക്കി തദ്ദേശസ്‌ഥാപനങ്ങളുമാവും തുടങ്ങുക. ഒരു പോർട്ടബിൾ യൂണിറ്റിന് ഏകദേശം 25 ലക്ഷത്തോളം ചെലവു വരുന്നത്. 152 എണ്ണം സ്‌ഥാപിക്കണമെങ്കിൽ 38 കോടിയോളം രൂപ ചെലവു വരും. പോർട്ടബിൾ യൂണിറ്റ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ചെലവ് തദ്ദേശസ്‌ഥാപനങ്ങൾ വഹിക്കണം.


ഇതിനു പുറമേ ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 2,100 രൂപ വീതമാണ് തദ്ദേശസ്ഥാപനം നൽകേണ്ടത്. നായ്ക്കളെ പിടികൂടുന്നതിന് 300 രൂപയും നൽകണം.

കൂട്, ഓപ്പറേഷൻ തിയറ്റർ, ഉപകരണങ്ങൾ വൃത്തിയാക്കാനും സൂക്ഷിക്കാനുമുള്ള മുറി, മാലിന്യസംസ്കരണ സംവിധാനം, 24 മണിക്കൂർ വെള്ളവും വൈദ്യുതിയും, എസി എന്നിങ്ങനെ എബിസി കേന്ദ്രങ്ങളിലെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കണ്ടെയ്നർ പോർട്ടബിൾ യൂണിറ്റുകളും സജ്ജമാക്കിയിരിക്കുന്നത്. പ്രതിദിനം 25 ശസ്ത്രക്രിയകൾ ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാവും.

വന്ധ്യംകരണത്തിനുശേഷം ഒരാഴ്ച്‌ച നായ്ക്കളെ എംപിയുവിലെ കൂട്ടിൽ താമസിപ്പിക്കും. ജനങ്ങൾക്കു ശല്യമാകുന്നത് ഒഴിവാക്കാൻ ഓരോ ആഴ്ചയും എംപിയുവിൻ്റെ പാർക്കിങ് കേന്ദ്രം മാറ്റും. ട്രാക്‌ടർ ഉപയോഗിച്ചു വലിച്ചു നീക്കാവുന്ന തരത്തിലാകും എംപിയു ഒരുക്കുക. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസറുടെ മേൽനോട്ടത്തിലാകും ശസ്ത്രക്രിയ നടത്തുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക