Kerala
HomeNews

ആരാണ് നിമിഷ പ്രിയ, എന്താണ് വധശിക്ഷയിലേക്ക് നയിച്ച കേസ്?

16 Jul 20254 മിനിറ്റ് വായന
ആരാണ് നിമിഷ പ്രിയ, എന്താണ് വധശിക്ഷയിലേക്ക് നയിച്ച കേസ്?

 



തൊഴില്‍ തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളി യുവതി, അവിടെ അവള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ. നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവളുടെ കുടുംബം മുട്ടാത്ത വാതിലുകള്‍ ബാക്കിയില്ല.. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം യെമന്‍ സുപ്രീം കോടതി തള്ളിയിരുന്നു. ജൂലൈ 16ന് നടപ്പാക്കേണ്ടിയിരുന്ന ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശിക്ഷ മരവിപ്പിച്ചുവെന്ന സ്ഥിരീകരണം യെമെനില്‍ നിന്ന് പുറത്തുവരുന്നു, വീണ്ടും പ്രതീക്ഷകളുയരുന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ കാരുണ്യത്തിലാണ് യെമെെനിലെ സൂഫി പണ്ഡിതരുമായുള്ള ചര്‍ച്ചയില്‍ വധശിക്ഷ നീട്ടിവെക്കാന്‍ കുടുംബം തയ്യാറായത്. ഇതില്‍ നിര്‍ണായകമായവതാവട്ടെ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലും. വേണ്ടരീതിയില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. ദിയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കാനും കുടുംബം തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മലയാളി പെണ്‍കുട്ടിയുടെ അന്തിമവിധി എന്താണെന്നറിയാന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം. ആരാണ് നിമിഷ പ്രിയ? യെമെനിലെ വധശിക്ഷയിലേക്ക് നയിച്ച കേസ് എന്താണ്?


ആരാണ് നിമിഷപ്രിയ?


പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമെന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്‌ക്കെതിരേയുള്ള കേസ്. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമെനില്‍ നഴ്സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമെന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമെന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ നിമിഷയും ഭര്‍ത്താവും മിഷേല്‍ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടില്‍ നിന്ന് യെമെനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമെനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമെന്‍-സൗദി യുദ്ധത്തെ തുടര്‍ന്ന് ആ യാത്രയും മുടങ്ങി.

ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താന്‍ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ഫോട്ടോയും ഉണ്ടാക്കി. 2015ല്‍ നിമിഷ പ്രിയ ഒരു മാസത്തെ അവധിക്കായി നാട്ടിലേക്ക് വന്നപ്പോള്‍ തലാലും കൂടെ വന്നിരുന്നു. സന്ദര്‍ശനത്തിനിടെ വീട്ടില്‍ നിന്ന് നിമിഷയുടെ വിവാഹ ഫോട്ടോ മോഷ്ടിക്കുകയും ഇതില്‍ പിന്നീട് കൃത്രിമത്വം ചെയ്ത് തലാലുമായുള്ള വിവാഹഫോട്ടോയാക്കി മാറ്റുകയും ചെയ്തുവെന്നാണ് നിമിഷപ്രിയയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. നിമിഷ ഇത് ചോദ്യം ചെയ്തപ്പോള്‍ തലാല്‍ ഭീഷണിപ്പെടുത്തുകയും രേഖകള്‍ പിടിച്ചുവെയ്ക്കുകയും ചെയ്തു. കൃത്രിമ വിവാഹരേഖയുള്‍പ്പെടെ തലാല്‍ ഉണ്ടാക്കിയെടുത്തു. വരുമാനം കൈക്കലാക്കുന്നതിനൊപ്പം നിമിഷയുടെ സ്വര്‍ണമെടുത്ത് തലാല്‍ സ്വന്തം നിലയില്‍ വില്‍ക്കുകയും ചെയ്തിരുന്നു. തലാലിന്റെ കീഴില്‍ നിരന്തരമായി മാനസികമായും ശാരീരികവുമായുള്ള പീഡനങ്ങല്‍ നിമിഷയ്‌ക്കേറ്റുവാങ്ങേണ്ടി വന്നു. തോക്കിന്‍ മുനയില്‍ വധഭീഷണി വരെ തനിക്ക് നേരെയുണ്ടായതായി നിമിഷപ്രിയ കോടതിയില്‍ പറഞ്ഞിട്ടുണ്ട്. നിമിഷയുടെ പാസ്പോര്‍ട്ട് തട്ടിയെടുത്തതിനാല്‍ തലാലിന്റെ അനുവാദമില്ലാതെ അവള്‍ക്ക് രാജ്യത്ത് നിന്ന് പോകാനും കഴിയില്ലായിരുന്നു. പീഡനം സഹിക്കവയ്യാതെ നിമിഷ സന പോലീസ് പരാതി നല്‍കി. എന്നാല്‍ തലാലിനെതിരേ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ് നിമിഷ പ്രിയയെ അറസ്റ്റ് ചെയ്തു. ആറ് ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടിവന്നു. ജയിലില്‍ നിന്ന് പുറത്തുവന്ന നിമിഷയ്ക്ക് വീണ്ടും ക്രൂരമര്‍ദനമാണ് നേരിടേണ്ടിവന്നത്. അധികൃതര്‍ക്ക് പരാതി നല്‍കിയ നിമിഷപ്രിയയെ മഹ്ദി മര്‍ദനത്തിനിരയാക്കി. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.


മരുന്ന് കുത്തിവെച്ച് കൊലപാതകം,

യെമെന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്. 2017ലായിരുന്നു സംഭവം. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളില്‍ തുടങ്ങിയ തര്‍ക്കങ്ങളും മര്‍ദനവും അകല്‍ച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമെനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. തുടര്‍ന്ന് സനയിലെ ജയില്‍ വാര്‍ഡനില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരമാണ് നിമിഷ തലാലിനെ മരുന്ന് കുത്തിവെച്ച് മയക്കി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആദ്യം കുത്തിവെച്ച മരുന്ന് ഫലപ്രദമായിരുന്നില്ല, തലാല്‍ മയക്കുമരുന്നിനടിമ ആയതിനാലാണ് നിമിഷ നല്‍കിയ മരുന്ന് ഫലിക്കാതിരുന്നത്. മയക്കാനായി വീണ്ടും മരുന്ന് കുത്തിവെച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഓവര്‍ഡോസാണ് കാരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് തലാലിന് ബോധം പോയ നേരം പാസ്പോര്‍ട്ടും കണ്ടെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അതിര്‍ത്തിയില്‍വെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മഹ്ദിയുടെ മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.

മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയില്‍ പറഞ്ഞത്. അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ തന്നെ നിര്‍ബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല. വിചാരണയ്ക്ക് ശേഷം 2018ല്‍ യെമെന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമെനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമെന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല. തുടര്‍ന്ന് നിമിഷപ്രിയ യെമെനിലെ സുപ്രീം കോടതിയെ സമീപിച്ചു.


കെട്ടിച്ചമച്ച കുറ്റമെന്ന് കുടുംബം,

നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല. തൊഴില്‍ സ്ഥലത്തെ ശാരീരികവും മാനസികവുമായ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു നിമിഷപ്രിയ ശ്രമിച്ചത്. എന്നാല്‍ പാസ്പോര്‍ട്ട് കൈവശപ്പെടുത്തുന്നതടക്കമുള്ള ക്രൂരതകളാണ് യെമെന്‍ പൗരന്റെ ഭാഗത്തുനിന്നുണ്ടായത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അനസ്തേഷ്യ മരുന്ന് കുത്തിവെക്കുകയാണുണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അതിര്‍ത്തിയില്‍വെച്ച് നിമിഷപ്രിയ പിടിക്കപ്പെട്ടു. പിന്നീട് യുവാവിന്റെ മൃതദേഹം പല തുണ്ടുകളായാണ് കണ്ടെത്തിയത്. കുറ്റകൃത്യം നിമിഷപ്രിയ ചെയ്തിട്ടില്ലെന്നും അടിച്ചേല്‍പ്പിക്കപ്പെട്ടതാണെന്നുമാണ് കുടുംബം പറയുന്നത്. നിമിഷപ്രിയ ജയിലിലായതോടെ കേസിനും മറ്റുമായി വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ഇവര്‍ വിറ്റിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച വാര്‍ത്ത കേട്ടതുമുതല്‍ അമ്മയും ഭര്‍ത്താവും മകളും മാനസികമായി തകര്‍ന്നുപോയി. ശിക്ഷയിളവ് ലഭിക്കുന്നതിനായി അപ്പീല്‍ നല്‍കാന്‍ കുടുംബസ്വത്തടക്കം വിറ്റാണ് ബന്ധുക്കള്‍ കോടതിയില്‍ പണം കെട്ടിവെച്ചിരുന്നത്.


വധശിക്ഷ ഒഴിവാക്കാന്‍ ദയാധനം,

കൊല്ലപ്പെട്ട യെമെന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താനാണ് ശ്രമങ്ങള്‍. പണം സ്വീകരിക്കാന്‍ തലാലിന്റെ കുടുംബം അംഗീകാരം നല്‍കിയാല്‍ നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങും. ബ്ലഡ് മണി (ദിയാധനം) എന്നാണ് ഈ തുക അറിയപ്പെടുന്നത്. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി 'ബ്ലഡ് മണി'യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യെമെനിലേക്ക് പോകാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇത് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും ചര്‍ച്ചകള്‍ തുടരുകയാണ്. വധശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചതോടെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാവുമെന്ന പ്രതീക്ഷയിലാണുള്ളത്

2016 മുതല്‍ യെമെനില്‍ പോകാന്‍ ഇന്ത്യക്കാര്‍ക്ക് വിലക്കുണ്ട്. യെമെനിലേക്ക് ഇന്ത്യയില്‍ നിന്ന് പണമയക്കാനും സാധിക്കില്ല. അതുകൊണ്ടുതന്നെ പണം സ്വീകരിക്കാന്‍ യെമെന്‍ പൗരന്റെ കുടുംബം അറിയിച്ചാലും അത് കൈമാറാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെന്‍ സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചതോടെ മരിച്ചയാളുടെ കുടുംബവുമായി ചര്‍ച്ച നടത്തി ശരിയത്ത് നിയമ പ്രകാരം ബ്ലഡ് മണി സംബന്ധിച്ച് ധാരണയിലെത്തിയാലേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂ. ഇതിനായുള്ള ശ്രമങ്ങളിലായിരുന്നു കുടുംബം. അഞ്ചുകോടി യെമെെനി റിയാലാണ് ദിയാധനമായി വേണ്ടിവരികയെന്നാണ് വിവരം. യെമെനിലെ വിനിമയ നിരക്കുപ്രകാരം ഇത് എട്ട് കോടി രൂപയിലധികം വരും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക