Kerala
HomeNews

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊല്ലത്തേക്ക് കൊണ്ടുപോകുക മെഡിക്കല്‍ കോളജിലെ റീ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം

23 Jul 20251 മിനിറ്റ് വായന
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; കൊല്ലത്തേക്ക് കൊണ്ടുപോകുക മെഡിക്കല്‍ കോളജിലെ റീ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം

 


ദൂബായ്: ഷാർജയില്‍ മരിച്ച കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ഇന്നലെ വൈകിട്ട് 5.40ന് ദുബൈയില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മാത്രമേ കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുകയുള്ളു.

ഭർത്താവ് നിതീഷും യുഎഇയിലാണ് താമസിക്കുന്നത്. വിപഞ്ചികയുടെ മരണത്തില്‍ ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉള്‍പ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്കരിച്ചത്. ജബല്‍ അലിയിലെ ന്യൂ സോനാപൂർ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്. രണ്ട് കുടുംബങ്ങളും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഹൈന്ദവ ആചാരപ്രകാരമുള്ള സംസ്കാരമാണ് നടന്നത്.

തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്കരിക്കണമെന്നത് വിപഞ്ചികയുടെ ഭർത്താവ് നിതീഷിൻറെ ആവശ്യമായിരുന്നു. ഇന്ത്യൻ കോണ്‍സുലേറ്റ് ചർച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്കരിക്കാനും തീരുമാനമായത്. കുഞ്ഞിൻറെ മൃതദേഹം ഷാർജയില്‍ സംസ്കരിക്കണമെന്ന ഭർത്താവിൻറെ കുടുംബത്തിന്റെ ആവശ്യത്തിന് വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. തർക്കത്തില്‍ പെട്ട് സംസ്കാരം അനിശ്ചിതമായി നീളുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു തീരുമാനം. വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരൻ വിനോദ് എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക