Kerala
HomeNews

കേരളത്തോട് വിട! എഫ് 35 നാളെ മടങ്ങും; വാടകയായി വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലക്ഷങ്ങൾ

21 Jul 20251 മിനിറ്റ് വായന
കേരളത്തോട് വിട! എഫ് 35 നാളെ മടങ്ങും; വാടകയായി വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലക്ഷങ്ങൾ

 


തിരുവനന്തപുരം:തകരാർ പരിഹരിച്ച് തിരികെപ്പറക്കാൻ സജ്‌ജമായ ബ്രിട്ടിഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്ന് ഇന്നു പുറത്തിറക്കും. ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ വിമാനം നാളെ തിരികെപ്പറക്കും. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകൾ വിജയകരമായി പൂർത്തിയായാൽ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്‌ചകൾ മുൻപെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാൻ ബ്രിട്ടനിൽ നിന്നുള്ള ഗ്ലോബ്‌മാസ്‌റ്റർ വിമാനം നാളെയെത്തുമെന്നാണു വിവരം. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാർ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകും.

ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ജൂൺ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പിന്നീട് ബ്രിട്ടനിൽനിന്ന് വിദഗ്‌ധരെത്തി വിമാനം ഹാങ്ങറിലേക്ക് മാറ്റി അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക