വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറും ജില്ലാ പോലീസ് മേധാവിയും ( കൊല്ലം റൂറൽ ) അടിയന്തരമായി അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്ലാസിനുള്ളിൽനിന്ന് തകര ഷെഡിന് മുകളിലേയ്ക്ക് ഇറങ്ങിയാണ് ചെരിപ്പെടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ഷീറ്റിൽനിന്ന് കാൽതെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ക്ലാസ് മുറിയിലെ ബോർഡിന് തൊട്ട് മുകളിലായുള്ള ജനാല പലകവെച്ച് മറച്ച നിലയിലാണ്. ഇത് ഇളക്കിമാറ്റിയ വിടവിൽ കൂടിയായിരുന്നു കുട്ടി ഷീറ്റിന് മുകളിലേക്ക് ഇറങ്ങിയത്.
സ്കൂളുകളുടെ സുരക്ഷയെ പറ്റി സ്കൂൾ തുറക്കും മുമ്പ് തന്നെ പല തവണ യോഗം ചെർന്നിരുന്നു. നിരവധി കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞു നോട്ട് തന്നെ സ്കൂളുകൾക്ക് കൊടുത്തിട്ടുണ്ട്. വൈദ്യുതി കമ്പി സ്കൂൾ കോമ്പൗണ്ട് വഴി പോവാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുള്ളതാണെന്നും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ലൈൻ പോകുന്നത് അധ്യാപകർ എല്ലാം കാണുന്നത് അല്ലെ. വീട്ടിലെ മകൻ നഷ്ടപ്പെട്ട സങ്കടമാണ് ഉള്ളത്. എന്തൊക്കെ സഹായം ചെയ്യേണ്ടി വന്നാലും സർക്കാർ അത് ചെയ്യുമെന്നും റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കൊല്ലത്ത് പോകുന്നതെന്നും. മറ്റു സ്കൂളുകളിൽ സമാനമായി വൈദ്യുതി കമ്പി പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്കൂളിലെ പ്രഥമ അധ്യാപകർക്ക് എന്താണ് ജോലി? അനാസ്ഥ ആണോ വിഷയത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ല. അനാസ്ഥ കാട്ടിയാൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ല. വീഴ്ച കണ്ടെത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.





