ആറുവയസുകാരി റോഡിലേക്ക് തെറിച്ചു വീണ് ദാരുണാന്ത്യം!! കുഞ്ഞ് തെറിച്ചുവീണത് വാഹനം റോഡിലെ കുഴിയില്‍ ചാടിയപ്പോള്‍

തിരൂർ: മാതാവിൻ്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ, റോഡിലേക്ക് തെറിച്ച് വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം.
വാഹനം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്.തിരൂർ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപില്‍ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്ബില്‍ ഫൈസലിൻ്റെയും ബള്‍ക്കീസിൻ്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. പുറണ്ണൂർ യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.
ഫൈസ മാതാവിൻ്റെ മടിയിലിരുന്നായിരുന്നു യാത്ര ചെയ്തത്. പിതാവ് ഓടിച്ച ഓട്ടോ കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയുടെ പിൻഭാഗം പൊങ്ങുകയും മാതാവിൻ്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു, വീഴ്ചയില്‍ കുഞ്ഞിന്റെ വയറിന് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും രാത്രി ഒൻപതോടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നുമണിയോടെ കുട്ടി മരണപ്പെട്ടു. ഫാസില്‍, അൻസില്‍ എന്നിവർ സഹോദരങ്ങളാണ്.
ഫൈസല്‍ ഇൻസ്റ്റാള്‍മെൻ്റിന് സാധനങ്ങള്‍ കൊണ്ടുപോയി കൊടുക്കുന്ന ജോലിക്കാരനാണ്. ഫൈസലും ഭാര്യയും ഫൈസയും തിരൂർ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാൻ ഓട്ടോയില്‍ വന്ന് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം.





