കൺസഷൻ വിഷയത്തിൽ വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം തേടും; സര്‍ക്കാര്‍ എപ്പോഴും ജനപക്ഷത്ത്: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം നടപ്പിലാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സര്‍ക്കാര്‍ എപ്പോഴും ജനപക്ഷത്താണ്. രാവിലെ എണീറ്റ് കണ്‍സഷന്‍ വര്‍ധിപ്പിക്കാനാവില്ല.കണ്‍സഷന്‍ വര്‍ദ്ധനവ് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചു.ഇത് പരിശോധിക്കും.വിദ്യാര്‍ത്ഥി സംഘടനകളെ ചര്‍ച്ചക്ക് വിളിക്കും. അവരോട് സംസാരിച്ച് സമവായത്തിലെത്തും.അല്ലെങ്കില്‍ അത് പ്രശ്‌നങ്ങളിലേക്ക് പോകും.കുട്ടികളെ റോഡിലിറക്കി വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
‘എംവിഡി ലീഡ്‌സ്’ എന്ന പേരില്‍ കെഎസ്ആര്‍ടിസിയിലെ പോലെ എംവിഡിയുടെ ആപ്പ് വരുന്നുണ്ട്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്ക് ആര്‍ടിഒ വഴി പാസ് നല്‍കും. ഇതുവച്ച് ബസില്‍ കയറിയാല്‍ ചെറിയ തുക നല്‍കണം. അങ്ങനെയാകുമ്പോള്‍ കൃത്യമായി എത്ര വിദ്യാര്‍ഥികള്‍ വണ്ടിയില്‍ കയറുന്നുണ്ടെന്ന് മനസിലാക്കാനാകും.
അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസിയില്‍ കയറുന്നുണ്ടെന്നാണ് പറയുന്നത്. കണക്കെടുത്തപ്പോള്‍ ഇത് ഒന്നരലക്ഷമാണെന്നാണ് കണ്ടെത്തിയത്.





