നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം അബുബക്കര്‍ മുസ്ലീയാര്‍

കോഴിക്കോട്: നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതര്‍ അറിയിച്ചതായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരൂമാനം. എന്നാൽ ഉടൻ മോചിതയാകില്ലെന്നാണ് വിവരം.
വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകൾക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങൾ തീരുമാനിക്കുക. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.





