അമ്മ നമ്മളെ ഇട്ടിട്ട് പോയി'; ആശുപത്രിക്കിടക്കയില്‍ കുഞ്ഞനിയത്തിയെ കൂട്ടിപിടിച്ച് വിങ്ങിപ്പൊട്ടി നവനീത

അമ്മ നമ്മളെ ഇട്ടിട്ട് പോയി'-അമ്മ ബിന്ദു തങ്ങളെ വിട്ടുപോയെന്ന വിവരം ചേട്ടൻ നവനീത് വന്നുപറയുമ്ബോള്‍ കുഞ്ഞനുജത്തി നവമി ചേട്ടനെ കെട്ടിപ്പിടിച്ച് വിങ്ങിക്കരഞ്ഞു.ഒന്നുറക്കെ കരയാൻകൂടി കഴിയാതെ പലവട്ടം മുഖം പുതപ്പിനടിയില്‍ ഒളിപ്പിച്ച് നവമി മനസ്സിലെ വേദന അടക്കാൻ ശ്രമിച്ചു. കഴുത്തിന്റെ ഭാഗത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നതിനിടയിലാണ് നവമിക്ക് അമ്മയെ നഷ്ടപ്പെടുന്നത്. ഇടിഞ്ഞ കെട്ടിടത്തില്‍നിന്ന് ഐസൊലേഷൻ വാർഡിലെ കട്ടിലില്‍ കൊണ്ടാക്കിയപ്പോള്‍ മുതല്‍ ചെറിയ കന്പിളിപ്പുതപ്പില്‍ മുഖം പൂഴ്ത്തിക്കിടക്കുകയായിരുന്നു നവമി.
ആളൊഴിഞ്ഞ കെട്ടിടമാണെന്നതിനാല്‍ പരിക്കുകളോടെ ആദ്യം കണ്ടെത്തിയ കുട്ടി ഒഴികെ വേറാരും അപകടത്തില്‍പ്പെട്ടില്ലെന്ന അധികൃതരുടെ ധാരണയെ ആദ്യം മുതല്‍ നവമി എതിർത്തിരുന്നു. 'അമ്മയെ കാണാനില്ല. അമ്മ അവിടെയുണ്ടായിരുന്നു. ഫോണ്‍ വിളിച്ചിട്ട് കിട്ടുന്നില്ല'-അപകടം കഴിഞ്ഞ് മറ്റൊരു വാർഡിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ നവമി തൊട്ടടുത്തുള്ള കിടക്കയിലുള്ളവരോട് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.
അതോടെയാണ് കെട്ടിടത്തിനുള്ളില്‍ ബിന്ദു കുടുങ്ങിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് പോലീസും രക്ഷാപ്രവർത്തകരും എത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തില്‍ കുളിക്കാൻ പോയതായിരുന്നു ബിന്ദുവെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു.
എറണാകുളത്തുനിന്ന് ബിന്ദുവിന്റെ മകൻ നവനീത് മോർച്ചറിയില്‍എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 'എന്റെ അമ്മച്ചീ, ഞങ്ങളെ ഇട്ടിട്ട് പോയോ' എന്ന് വാവിട്ട് കരഞ്ഞാണ് നവനീത് പുറത്തേക്ക് ഇറങ്ങിയത്. മകള്‍ നവമിയുടെ ചികിത്സാർഥം ജൂലായ് ഒന്നിനാണ് ഇവർ ആശുപത്രിയില്‍ എത്തിയത്. ആന്ധ്രപ്രദേശില്‍ സ്വകാര്യ നഴ്സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയാണ് നവമി.
കെട്ടിടത്തിനുള്ളില്‍ ആള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്ന് ദൃക്സാക്ഷികള്‍ ആവർത്തിച്ചുപറഞ്ഞിട്ടും ആശുപത്രി അധികൃതരും സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും അംഗീകരിച്ചില്ല. ആരും ഉള്ളിലില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. മാധ്യമങ്ങളോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും വി.എൻ. വാസവനും ഇതു ശരിവെച്ചു. ഇടിഞ്ഞ കെട്ടിടഭാഗം നീക്കി തിരച്ചില്‍ ഊർജിതമാകാൻ വൈകി
മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും അപകടസ്ഥലത്തേക്ക് എത്തിക്കാൻ വഴിയുണ്ടായില്ല. പിന്നീട് സമീപത്തെ ഒരു കെട്ടിടഭാഗം പൊളിച്ച് 12.45-ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് സ്ലാബുകള്‍ നീക്കുമ്ബോഴാണ് ഒരുമണിയോടെ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിലെ വീഴ്ച ഇതോടെ വെളിവായി.





