പൊന്നോമനയ്ക്ക് ഇന്ന് വിട; കൊല്ലത്ത് മരിച്ച മിഥുന്റെ അമ്മ നാട്ടിലേക്ക്, സംസ്കാരം ഇന്ന്

കൊല്ലത്ത് വിദ്യാർഥി ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് നടക്കും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനം നടത്തും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും.
മിഥുൻ്റെ അമ്മ തുർക്കിയിൽ നിന്നും ഇന്ന് നാട്ടിൽ എത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം നടക്കുക.
അതേസമയം മിഥുന്റെ മരണത്തിൽ തേവലക്കര സ്കൂളിലെ പ്രഥമാധ്യാപികക്ക് സസ്പെൻഷൻ. സംഭവത്തിൽ വിദ്യാഭ്യാസ ഉപഡയറക്‌ടർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് അപകടത്തിന് വഴിതെളിച്ച സാഹചര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളിലെ പ്രഥമാധ്യാപിക എസ് സുജയെ സസ്പെൻഡ് ചെയ്തത്.
സ്‌കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് പ്രഥമാധ്യാപികയായ എസ്. സുജയുടെ ഭാഗത്തു നിന്നും വീഴ്‌ച സംഭവിച്ചതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ, അച്ചടക്ക നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്‌ടർ മാനേജർക്ക് നിർദ്ദേശം നൽകിയിരിക്കുന്നു. സീനിയർ അധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.





