കൂടത്തായി കൂട്ടക്കൊലക്കേസ്; മുഖ്യ പ്രതി ജോളിക്കെതിരായി ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി അനുവദിച്ചു

കൂടത്തായി: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്കെതിരെ ഭർത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹർജി കോടതി അനുവദിച്ചു.
കോഴിക്കോട് കുടുംബ കോടതിയിലാണ് കേസ് പരിഗണിച്ചത്. കൂട്ടക്കൊല നടത്തിയ ഭാര്യ ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാൻഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹ മോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. അഡ്വ.മനോഹർലാല്‍ മുഖേന നല്‍കിയ ഹർജിയാണ് ഇന്നലെ അനുവദിച്ചത്. 2021 ല്‍ നല്‍കിയ ഹർജി എതിർ ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ ഇന്നലെ തീർപ്പാക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെ ഒരേ കുടുംബത്തിലുണ്ടായ ആറു പേരെയാണ് ജോളി കൊലപ്പെടുത്തിയത്. 2019 ഒക്ടോബർ 4ന് ആണ് സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട.അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രൻ ഷാജു സ്കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈൻ (2) എന്നിവർ കൊല്ലപ്പെട്ടെന്നാണു കേസ്. മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചു ടോം തോമസിന്റെ മകൻ റോജോ തോമസ് നല്‍കിയ പരാതിയാണ് ജോളിയിലേക്ക് പോലീസിനെ എത്തിച്ചത്.
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണാണ് അന്വേഷണം തുടങ്ങിയത്.
തുടർന്ന് മുഖ്യപ്രതിയും കൊല്ലപ്പെട്ട റോയ് തോമസിന്റെ ഭാര്യയുമായിരുന്ന ജോളി ജോസഫ്, ഇവർക്കു സയനൈഡ് എത്തിച്ചു നല്‍കിയെന്നതിനു ബന്ധു കക്കാട്ട് മഞ്ചാടിയില്‍ എം.എസ്.മാത്യു, സയനൈഡ് നല്‍കിയെന്നതിനു സ്വർണപ്പണിക്കാരൻ പ്രജികുമാർ എന്നിവരെ ഇതോടെ അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് ജോളി ജോസഫിനെതിരെ രണ്ടാം ഭർത്താവ് ഷാജു സ്കറിയ കോഴിക്കോട് കോടതിയില്‍ വിവാഹമോചന ഹർജി നല്‍കിയത്. ഭർതൃമാതാവിനെ കൊന്ന കേസില്‍ ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.





