തെരുവുനായ ഓടിക്കുമ്പോള്‍ രക്ഷിക്കാനെന്ന വ്യാജേന പിടിച്ചു നിര്‍ത്തി ലൈംഗികമായി ഉപദ്രവിച്ചു; പ്രതി തെരുവുനായയെക്കാളും അപകടകാരിയെന്ന് പ്രോസിക്യൂഷൻ; ആറു വയസ്സുകാരിയെ പീഡിപ്പിച്ച 70 കാരന് ജാമ്യം അനുവദിക്കാതെ കോടതി

തിരുവനന്തപുരം: തെരുവുനായ ഓടിക്കുമ്പോള്‍ രക്ഷിക്കാനെന്ന വ്യാജേന ആറു വയസുകാരിയെ പിടിച്ചുനിർത്തി ലൈംഗികമായി ഉപദ്രവിച്ച 70കാരന് ജാമ്യം നല്‍കിയില്ല.
പ്രതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളുകയായിരുന്നു. ചെമ്മരുതി സ്വദേശി ബാബുരാജ് ആണ് ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാള്‍ നല്‍കിയ ജാമ്യാപേക്ഷയാണ് പോക്‌സോ കോടതി ജഡ്ജി എം.പി ഷിബു നിരസിച്ചത്.
കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. ആറു വയസുകാരിയെ തെരുവുനായ ആക്രമിച്ചപ്പോള്‍ കുട്ടി ഓടി രക്ഷപ്പെടുന്നതിനിടയില്‍ അടുത്തുണ്ടായിരുന്ന പ്രതി രക്ഷിക്കാനെന്ന വ്യാജേന കുട്ടിയെ പിടിച്ചുനിർത്തി ഉപദ്രവിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തി. പ്രതി 30 ദിവസമായി ജയിലിലാണ്.
തെരുവുനായ ഓടിക്കുമ്പോള്‍ രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടിയോട് ഇത്തരത്തില്‍ നീചമായി പ്രവർത്തിച്ച വ്യക്തി ഒരു ദയയും അർഹിക്കുന്നില്ലെന്നും അക്രമകാരിയായ തെരുവുനായയെക്കാളും അപകടകാരിയാണ് പ്രതിയെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത്പ്രസാദ് ഹാജരായി.





