Kerala
HomeNews

നൂറ്റാണ്ടിന്റെ സമര ജീവിതത്തിന് ഇനി രക്തസാക്ഷികളുടെ മണ്ണിൽ വിശ്രമം

23 Jul 20252 മിനിറ്റ് വായന
നൂറ്റാണ്ടിന്റെ സമര ജീവിതത്തിന് ഇനി രക്തസാക്ഷികളുടെ മണ്ണിൽ വിശ്രമം


ആലപ്പുഴ: വൻ ജനാവലിയെ സാക്ഷിനിർത്തി, തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങൾ ബാക്കിയാക്കി ആ ചുവന്ന നക്ഷത്രം ഓർമ്മയായി. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിൽ വി എസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം. ഒടുവിൽ പൊതുദർശനം നടന്ന റിക്രിയേഷൻ ഗ്രൗണ്ടിൽ വി എസിന് ഔദ്യോഗിക ബഹുമതികളോടെ യാത്രയയ്പ്പ് നൽകി.


കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടിൽ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വി എസിന്റെ സംസ്കാരം നടന്നത്. പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അർപ്പിച്ച ശേഷം വി എസിന്റെ മകൻ അരുൺ കുമാർ ചിതയ്ക്ക് തീകൊളുത്തി.

സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്ന് രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വി എസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. 22 മണിക്കൂറുകൾ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങൾക്ക് വി എസിന് അന്തിമോപചാരം അർപ്പിക്കാൻ വീടിനുള്ളിൽ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദർശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു.


ആർത്തലച്ചുപെയ്യുന്ന മഴയെ അവഗണിച്ച് പ്രായഭേദമന്യേ കേരളം വിഎസിലേക്ക് ഒഴുകുന്ന കാഴ്ച‌യാണ് കണ്ടത്. ശേഷം ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെയാണ് പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പഴയ ജില്ലാ സെക്രട്ടറി അവസാനമായി എത്തിയത്. അവിടെയും സമരനായകൻ തങ്ങളിലൂടെ ജീവിക്കുന്നുണ്ടെന്ന് ആർത്ത് വിളിക്കുന്ന ആൾക്കൂട്ടമായിരുന്നു അഭിവാദ്യങ്ങളുമായി കാത്ത് നിന്നത്. ഉറക്കെ ഉറക്കെ വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് ആൾക്കൂട്ടം ലയിച്ചു. പ്രിയസഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സാംസ്കാരിക സാമുദായിക രംഗത്തെ പ്രമുഖർ അടക്കമുള്ളവർ വി എസിന് അന്ത്യയാത്ര നൽകാനെത്തി. നിയന്ത്രിക്കാനാകാത്ത തിരക്കാണ് സിപിഐഎം പാർട്ടി ഓഫീസിലും പരിസരത്തും ഉണ്ടായിരുന്നത്. പെരുമഴയെ വകവെക്കാതെയായിരുന്നു സമരസൂര്യനെ കാണാൻ നാട് എത്തിയത്. അരമണിക്കൂർ മാത്രം ജില്ലാ കമ്മിറ്റി ഓഫീസിൽ തീരുമാനിച്ച പൊതുദർശനം മണിക്കൂർ കഴിഞ്ഞും നീണ്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക