Kerala
HomeNews

വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; മൃതദേഹം ചാലിയാറിന്റെ മറുകര എത്തിക്കാനുള്ള ശ്രമം തുടരുന്നു, പുഴയിലെ കുത്തൊഴുക്ക് കനത്ത വെല്ലുവിളി

26 Jun 20251 മിനിറ്റ് വായന
വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; മൃതദേഹം ചാലിയാറിന്റെ മറുകര എത്തിക്കാനുള്ള ശ്രമം തുടരുന്നു, പുഴയിലെ കുത്തൊഴുക്ക് കനത്ത വെല്ലുവിളി

 


മലപ്പുറം: മലപ്പുറം വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബില്ലിയുടെ മൃതദേഹം കരയ്‌ക്കെത്തിക്കാനായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചാലിയാർ പുഴയിൽ ശക്തമായ കുത്തൊഴുക്ക് തുടരുന്നതിനാൽ മൃതദേഹം മറുകരയ്‌ക്കെത്തിക്കുക ദുഷ്കരമാണ്. എങ്കിലും ഇതിനായുള്ള പരിശ്രമങ്ങൾ തുടരുകയാണ്. മൃതദേഹം ഇന്ന് തന്നെ മറുകരയ്‌ക്കെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച രാവിലെയാണ് കൂണ്‍ ശേഖരിക്കാൻ പോയ ബില്ലിയെ കാട്ടാന ആക്രമിച്ചത്. മൃതദേഹം ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ അഗ്നിരക്ഷാസേന സംഘം ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം മാറ്റാനുള്ള രാത്രിയിലെ ശ്രമം ഉപേക്ഷിച്ചത്.

എന്നാൽ ഇന്നും ചാലിയാർ പുഴയിൽ ഒഴുക്ക് ശക്തമായി തുടരുന്ന സാഹചര്യമാണ്. മൃതദേഹം മറുകരയ്‌ക്കെത്തിക്കുക സങ്കീർണ്ണമായ ദൗത്യം തന്നെയാണ്. കാട്ടാന ആക്രമണത്തിന് പിന്നാലെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘത്തിന് സംഭവസ്ഥലത്തെത്താൻ കഴിഞ്ഞിരുന്നില്ല. പുഴയുടെ അക്കരയിലുള്ള ആദിവാസി ഉന്നതിയിലേക്ക് പോകണമെങ്കിൽ ചാലിയാർ മുറിച്ചുകടക്കാതെ നിർവാഹമില്ല. പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഒന്നും ഉണ്ടായിട്ടില്ല. മുണ്ടക്കൈ, ചൂരൽമല ദുരന്ത സമയത്ത് മേഖലയിലുള്ള ഏറെ ആദിവാസികളും ചങ്ങാടത്തിൽ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിൽ പങ്കാളികളായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക