പൊന്മുടി വീണ്ടും തുറന്നു; ഇന്ന് മുതൽ പ്രവേശനം

കനത്ത മഴയും കാറ്റും കാരണം അടച്ചിട്ട തിരുവനന്തപുരത്തെ പൊന്മുടി ഇന്ന് വീണ്ടും തുറന്ന് പ്രവർത്തിക്കും. സഞ്ചാരികളെ ഇന്ന് മുതൽ പ്രവേശിപ്പിച്ച് തുടങ്ങി. മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയും മുൻനിർത്തി മേയ് 25 മുതലാണ് പൊന്മുടി അടച്ചിട്ടത്. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
മഞ്ഞിൽ കുളിച്ച് അടിമുടി സുന്ദരിയായിരിക്കുകയാണ് പൊന്മുടി. സഞ്ചാരികളെ ത്രില്ലടിപ്പിക്കുന്ന വൈബാണിവിടം. മഴ കൂടി പെയ്തതോടെ കാഴ്ചകൾക്ക് ചാരുതയേറി. മൂടല്‍മഞ്ഞും കുളിര്‍കാറ്റും ചാറ്റല്‍മഴയും തണുപ്പും സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നൽകും.
അതേസമയം, പൊന്മുടി വനമേഖലയില്‍ മഴ പെയ്യുന്നുണ്ട്. പൊന്മുടി, ബോണക്കാട് വനമേഖലയില്‍ മഴ കനത്തിരുന്നു. ഇതിനാൽ വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. അതിനാൽ സഞ്ചാരികൾ ഏറെ ജാഗ്രത പാലിക്കണം. കല്ലാര്‍ നദിയില്‍ കുളിക്കാന്‍ ഇറങ്ങുന്നവരും പൊന്മുടി സന്ദര്‍ശിക്കുന്നവരും വനം വകുപ്പിന്റെയും പൊന്മുടി, വിതുര പൊലീസിന്റെയും നിര്‍ദേശങ്ങള്‍ പൂർണമായി പാലിക്കണം.





