Kerala
HomeNews

ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റില്ല, പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ആശയക്കുഴപ്പം

4 Jun 20251 മിനിറ്റ് വായന
ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റില്ല, പ്ലസ്‌വണ്‍ പ്രവേശനത്തില്‍ ആശയക്കുഴപ്പം

 


എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യമാകാത്തതിനാൽ സംസ്ഥാന സിലബസിൽ പത്താംക്ലാസ് ജയിച്ചവരുടെ പ്ലസ്‌വൺ പ്രവേശനത്തിൽ ആശയക്കുഴപ്പം. അപേക്ഷകർ താമസിക്കുന്ന തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങി ബോണസ് പോയിന്റിനുള്ള വിവരങ്ങളുടെ ആധികാരികരേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റാണ്. അതു കിട്ടാത്തതാണു പ്രശ്നം.


മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് പത്താംക്ലാസ് സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭിക്കുമായിരുന്നു. സിബിഎസ്ഇ വിദ്യാർഥികളുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽനിന്ന് ഡൗൺലോഡ് ചെയ്യാമായിരുന്നു.


വിദ്യാഭ്യാസവകുപ്പിന്റെ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റിൽ പേരും ജനനത്തീയതിയും വിവിധ വിഷയങ്ങളിലെ ഗ്രേഡും രക്ഷിതാവിന്റെ പേരും മാത്രമാണുള്ളത്.


ഡിജി ലോക്കറിൽ ലഭിക്കുന്നത് എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ തനിപ്പകർപ്പാണ്. എസ്‌സി, എസ്ടി, ഒഇസി ഒഴികെയുള്ള സംവരണ വിഭാഗങ്ങൾക്ക് ജാതി തെളിയിക്കാൻ എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി. ആദ്യ അലോട്‌മെന്റ് പ്രവേശനം വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയാണ്. വില്ലേജ് ഓഫീസിൽനിന്ന് ബന്ധപ്പെട്ട രേഖകൾ വാങ്ങുമ്പോഴേക്കും പ്രവേശനത്തിനുള്ള സമയപരിധി കഴിയും


വിദ്യാർഥി താമസിക്കുന്ന തദ്ദേശസ്ഥാപന പരിധിയിലെ സ്കൂളിൽ അപേക്ഷിക്കുമ്പോൾ രണ്ടു ബോണസ് പോയിന്റ് ലഭിക്കും. അതേ താലൂക്കാണെങ്കിൽ ഒരു പോയിന്റും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളില്ലാത്ത ഗ്രാമപ്പഞ്ചായത്തിലെ താമസക്കാർ അതേ താലൂക്കിലെ സ്കൂളിൽ അപേക്ഷിക്കുകയാണെങ്കിൽ രണ്ടു ബോണസ് പോയിന്റിന് അർഹതയുണ്ട്


എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഈ വിവരങ്ങളെല്ലാമുണ്ട്. അതിനാൽ, സംസ്ഥാന സിലബസിൽ പഠിച്ചവർ ഈ രേഖകൾക്കായി പ്രത്യേകം സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലായിരുന്നു. ബോണസ് പോയിന്റിന് അർഹമാക്കുന്ന രേഖകളുടെ അസൽ, പ്രവേശനസമയത്ത് നിർബന്ധമായും ഹാജരാക്കണമെന്നാണു ചട്ടം. രേഖകൾ ഹാജരാക്കത്തവർക്ക് പ്രവേശനം നൽകുന്നത് നിയമപരമായി ചോദ്യംചെയ്യപ്പെട്ടാൽ തങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക