Kerala
HomeNews

ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ്: സസ്പെൻഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

4 Jun 20251 മിനിറ്റ് വായന
ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ്: സസ്പെൻഷനിലായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

 



തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവിനായി പൊലീസ് റിപ്പോർട്ട് തേടിയതിന് സസ്പെൻഷനിലായിരുന്ന മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു.


കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-I ബി.ജി.അരുണ്‍, അസി. പ്രിസണ്‍ ഓഫിസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് കഴിഞ്ഞ ജൂലൈയില്‍ സസ്പെൻഡ് ചെയ്തത്.


തിരിച്ചെടുത്ത കെ.എസ്. ശ്രീജിത്തിനെ വിയ്യൂർ അതിസുരക്ഷ ജയിലിലും ബി.ജി. അരുണിനെ ചീമേനി തുറന്ന ജയിലിലും ഒ.വി. രഘുനാഥിനെ ഹോസ്ദുർഗ് ജില്ല ജയിലിലും നിയമിച്ചു. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഉത്തരവിറക്കിയത്.


ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം വലിയ വിവാദം ഉയർത്തുകയും കെ.കെ. രമ എം.എല്‍.എ ഗവർണർക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഇക്കാര്യത്തില്‍ അടിയന്തര പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍, വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതെ സ്പീക്കർ മറുപടി നല്‍കി പ്രമേയം തള്ളിയ തീരുമാനവും വിവാദത്തിലായിരുന്നു.


അതേസമയം, ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സര്‍ക്കാറിന്‍റെ പരിഗണനയിലില്ലെന്നും തെറ്റായ പട്ടിക തയാറാക്കി പൊലീസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയെന്നുമാണ് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞത്.


പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ശിക്ഷായിളവിന് അര്‍ഹതയില്ല. ടി.പി വധക്കേസിലെ ശിക്ഷാതടവുകാര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ഉത്തരവ് നിലവിലുണ്ട്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ലെന്നും മറുപടിയില്‍ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക