വീടും സ്ഥലവും നല്‍കാത്തതിലുള്ള പക'; അമ്മയെ മകൻ തീകൊളുത്തി കൊന്ന സംഭവത്തില്‍ വഴിത്തിരിവ്

വൊർക്കാടി നല്ലങ്കിയില്‍ അമ്മയെ മകൻ തീകൊളുത്തി കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. അമ്മയുടെ പേരിലുള്ള വീടും സ്ഥലവും ബാങ്ക് വായ്പ എടുക്കുന്നതിന് വേണ്ടി എഴുതിക്കൊടുക്കാത്തതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട ഹില്‍ഡ മൊന്തേരയുടെ മകൻ മെല്‍വിൻ മൊന്തേരോ പോലീസിന് മൊഴി നല്‍കി.വിവാഹം കഴിക്കുന്നതിന് വേണ്ടി വായ്പ എടുക്കുന്നതിനാണ് വീടും സ്ഥലവും ആവശ്യപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
മദ്യപിച്ച് വീട്ടിലെത്തിയ മെല്‍വിൻ അമ്മയെ മർദിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം വീടിന് പിറകിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
തുടർന്ന് ഇവരുടെ അയല്‍വാസിയും ബന്ധുവുമായ ലോലിറ്റയുടെ വീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടിനകത്ത് കടന്നയുടൻ ലോലീറ്റയേയും പ്രതി മർദിക്കുകയും തീകൊളുത്തുകയും ചെയ്തു ഇതിനിടയില്‍ ഓടിരക്ഷപ്പെട്ട ഇവർ അയല്‍ക്കാരെ വിവരമറിയിച്ചു. വീടും സ്ഥലവും തനിക്ക് തരാതിരിക്കാൻ അമ്മയ്ക്കൊപ്പം ഇവരുടെ ഇടപെടലുമുണ്ടെന്നും അതിനാലാണ് ലോലിറ്റയെ ആക്രമിച്ചതെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ മെല്‍വിൻ പറയുന്നു.
സംഭവത്തിനുശേഷം മംഗളൂരുവിലേക്ക് കടന്ന പ്രതിയെ വ്യഴാഴ്ച ഉച്ചയോടെ ബൈന്ദൂരില്‍നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഉള്ളുലഞ്ഞ് ആല്‍വിൻ,
പതിനഞ്ചു ദിവസം മുൻപ് ജോലി തേടി കുവൈത്തിലെത്തിയ ആല്‍വിൻ മൊന്തേരോ ഇങ്ങനെയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ ദാരുണമായ കൊലപാതക വാർത്തയെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് ആല്‍വിൻ മംഗളൂരു വിമാനത്താവളം വഴി വീട്ടിലെത്തിയത്. ജ്യേഷ്ഠന്റെ കൈയാലുണ്ടായ അമ്മയുടെ മരണത്തിന്റെ വേദന താങ്ങാനാകാതെ ആ വീട്ടിലേക്ക് എത്തുന്നവർക്ക് മുൻപില്‍ ഉള്ളുലഞ്ഞ് നില്‍ക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ. സഹോദരൻ ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അത്തരത്തിലുള്ള സ്വഭാവക്കാരനല്ല ജ്യേഷ്ഠനെന്നും ആല്‍വിൻ പറയുന്നു.
വിദേശത്ത് പോയശേഷം ജ്യേഷ്ഠന്റെ ഫോണിലേക്കാണ് വിളിക്കാറെന്നും അവനും അമ്മയുമായി വീഡിയോകോളില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും ആല്‍വിൻ പറയുന്നു. മെല്‍വിൻ മുൻപ് നാലുവർഷം വിദേശത്തുണ്ടായിരുന്നുവെന്നും ആ സമയത്താണ് നിലവിലുള്ള വീടിന്റെ പണി ഭൂരിഭാഗവും പൂർത്തിയാക്കിയതെന്നും അമ്മയുമായുംതർക്കമൊന്നുണ്ടായിരുന്നില്ലെന്നും ആല്‍വിൻ പറഞ്ഞു.
കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മംഗളൂരുവിലെ ആസ്പത്രി മോർച്ചറിയില്‍ സൂക്ഷിച്ച ഹില്‍ഡാ മൊന്തേരൊയുടെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വൊർക്കാടി സേക്രഡ് ഹാർട്ട് ദേവാലയത്തില്‍ പൊതുദർശനത്തിന് വെച്ചു. അവിടെവെച്ച് ആല്‍വിൻ അമ്മയ്ക്ക് അന്ത്യചുംബനം നല്‍കി. ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് നാലോടെ സംസ്കരിച്ചു. മൃതദേഹം കാണുന്നതിനായി ജനപ്രതിനിധികളും വിവിധകക്ഷി നേതാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പള്ളി പരിസരത്ത് എത്തിയിരുന്നു.





