പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു; പ്രവേശനം കാത്ത് നില്‍ക്കുന്നത് 1,01,849 വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകള്‍ പൂർത്തിയായപ്പോള്‍ 1,01,849 വിദ്യാർഥികള്‍ക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല.ഇവർക്ക് ഇനി സപ്ലിമെന്ററി അലോട്ട്മെന്റിന് കാത്തിരിക്കുകയോ മറ്റ് കോഴ്സുകളില്‍ ചേരുകയോ വേണ്ടിവരും. നിലവില്‍ 3,15,986 വിദ്യാർഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
ഈ വർഷം എസ്.എസ്.എല്‍.സി വിജയിച്ച 4,24,583 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. മറ്റ് സിലബസുകളില്‍ പത്താം ക്ലാസ് വിജയിച്ചവർ ഉള്‍പ്പെടെ ആകെ 4,63,686 പേർ ഉന്നതപഠനത്തിനായി അപേക്ഷിച്ചു. ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമർപ്പിച്ച 45,851 പേരെ ഒഴിവാക്കിയാല്‍, ഫലത്തില്‍ 4,17,835 വിദ്യാർഥികളാണ് അപേക്ഷകർ. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും ഇതുവരെ പ്രവേശനം നേടി
മെറിറ്റ് ക്വാട്ടയില്‍ 2,72,657 പേർ, സ്പോർട്സ് ക്വാട്ടയില്‍ 4,517 പേർ, മോഡല്‍ റസിഡൻഷ്യല്‍ സ്കൂളുകളില്‍ 1,124 പേർ, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 16,945 പേർ, മാനേജ്മെന്റ് ക്വാട്ടയില്‍ 14,701 പേർ, അണ്‍എയ്ഡഡ് സ്കൂളുകളില്‍ 6,042 പേർ എന്നിങ്ങനെയാണ് പ്രവേശനം ലഭിച്ചവർ
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചു; 'വരവേല്‍പ്പ് 2025' ഉദ്ഘാടനം
സംസ്ഥാനത്ത് ഹയർ സെക്കൻഡറി ഒന്നാം വർഷ ക്ലാസുകള്‍ ആരംഭിച്ചു. തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന സംസ്ഥാനതല 'വരവേല്‍പ്പ് 2025' പ്രവേശനോത്സവം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അടുത്ത വർഷം ഹയർ സെക്കൻഡറി പാഠപുസ്തകങ്ങള്‍ പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു
കൂടെയുണ്ട് കരുത്തേകാൻ' എന്ന പദ്ധതിയും ഇതോടൊപ്പം തുടങ്ങിയതായി മന്ത്രി അറിയിച്ചു. വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകർക്കും വിപുലമായ പിന്തുണ നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കൗണ്‍സിലിംഗ് സേവനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസുകള്‍, സൈബർ സുരക്ഷാ ബോധവത്കരണം, ജീവിത നൈപുണ്യ പരിശീലനങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. ചടങ്ങില്‍ മന്ത്രി ജി.ആർ. അനില്‍ അധ്യക്ഷനായി, ആന്റണി രാജു എം.എല്‍.എ മുഖ്യാതിഥിയായിരുന്നു





