മെഡിക്കൽ റെപ്രസെന്റേറ്റീവുമാർ സര്‍ക്കാര്‍ ആശുപത്രികളിൽചെന്ന് ഡോക്ടർമാരെ കാണരുത്; വിലക്കി കേന്ദ്രം

ന്യൂഡല്‍ഹി : മെഡിക്കല്‍ റെപ്രസെന്ററ്റീവുമാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ച്ചെന്ന് ഡോക്ടര്‍മാരെ കാണുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് സ്മിത ശര്‍മയാണ് കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളുടെ തലവന്മാര്‍ക്ക് ഈ ഉത്തരവ് കൈമാറിയത്. ഡോക്ടര്‍മാരും ഫാര്‍മസി കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധം തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി
ഈ നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നിര്‍ദേശം എല്ലാ ജീവനക്കാര്‍ക്കും ആശുപത്രി മേധാവികള്‍ നല്‍കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പാക്കുന്നതിന് എടുത്ത നടപടികള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിനെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സാമ്പിള്‍ മരുന്നുകള്‍, ഉപഹാരങ്ങള്‍ തുടങ്ങിയവ നല്‍കി മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാര്‍ ഡോക്ടര്‍മാരെ സ്വാധീനിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി
രോഗികളെ ചികിത്സിക്കുന്ന സമയം മെഡിക്കല്‍ റെപ്രസെന്റീവുമാര്‍ അപഹരിക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതും കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് കാരണമായതായാണ് സൂചന
ചികത്സ, പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ പുരോഗതികള്‍ ഇ-മെയില്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമേ മെഡിക്കല്‍ റെപ്രസെന്ററ്റീവുമാര്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ അറിയിക്കാവൂ. ഇത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍





