ഫോണെടുക്കില്ലെന്ന പരാതി വേണ്ട;കെ.എസ്.ഇ.ബി ഓഫിസുകളില്‍ കസ്റ്റമര്‍ കെയര്‍ ഏജന്റുമാരെത്തും

പാലക്കാട്: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളില്‍ ഫോണെടുക്കാൻ ആളില്ലാത്ത പരാതികള്‍ക്ക് പരിഹാരവുമായി അധികൃതർ. സംസ്ഥാനത്തെ 776 സെക്ഷൻ ഓഫിസുകളില്‍ മുഴുവൻ സമയ ടെലഫോണ്‍ ഓപറേറ്റർ, ആശയവിനിമയ ദാതാക്കള്‍ എന്നിവക്ക് സ്വകാര്യ ഏജൻസികളെ ക്ഷണിച്ച് താല്‍പര്യപത്രം പുറപ്പെടുവിച്ചു.
കെ.എസ്.ഇ.ബിയെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് പുറമെ ലാഭമുണ്ടാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഒരു സെക്ഷൻ ഓഫിസില്‍ രണ്ടുപേരെ വീതം നിയമിച്ചാല്‍ 1500 ലേറെ പേരുടെ താല്‍ക്കാലിക ഒഴിവുകളാണ് സൃഷ്ടിക്കപ്പെടുക. താല്‍പര്യമുള്ള ഏജൻസികള്‍ക്ക് ഈ മാസം 18നകം താല്‍പര്യപത്രം സമർപ്പിക്കാം. നിലവില്‍ ഓവർസിയർമാരാണ് സെക്ഷൻ ഓഫിസുകളില്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നത്. ജോലിഭാരം കുറയുന്നതോടെ ഓവർസിയർമാരുടെ സേവനം കൂടുതലായി ഉപയോഗപ്പെടുത്താമെന്നാണ് ബോർഡ് വിലയിരുത്തല്‍.
കേന്ദ്രീകൃത കോള്‍ സെന്ററായി തിരുവനന്തപുരം വൈദ്യുതി ഭവൻ പ്രവർത്തിക്കും. കസ്റ്റമർ കെയർ ഏജൻറ്, ടെക്നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ താല്‍ക്കാലിക തസ്തികകളാകും സെക്ഷൻ ഓഫിസുകളില്‍ സൃഷ്ടിക്കപ്പെടുക. വൈദ്യുതി മോഷണവും മീറ്റർ കേടാകുന്നതും ഉള്‍പ്പെടെ വിഷയങ്ങളില്‍ ഇടപെടുന്നതിലൂടെ ബില്ലിങ്ങില്‍ കോടികളുടെ ലാഭമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, സെക്ഷൻ ഓഫിസിന്റെ ഭൂമിശാസ്ത്രമറിയാത്തവരെ നിയമിക്കുന്നതിലൂടെ ഗുണമുണ്ടാകില്ലെന്ന വിമർശനവുമുയരുന്നുണ്ട്. നാടിന്റെ ഭൂമിശാസ്ത്രമറിയുന്ന, ഫീഡറുകളുടെയും ട്രാൻഫോർമറുകളുടെയും മറ്റ് വൈദ്യുത ഉപകരണങ്ങളുടെയും സാങ്കേതികത അറിഞ്ഞ് മറുപടി നല്‍കാനറിയുന്നവരാണ് വേണ്ടതെന്നാണ് ഉയരുന്ന ആവശ്യം.





