Kerala
HomeNews

കൊച്ചി തീരത്തെ കപ്പലപകടത്തിൽ കേസെടുത്തു; ഒന്നാം പ്രതി കപ്പല്‍ കമ്പനി, ഷിപ്പ് മാസ്റ്റര്‍ രണ്ടാംപ്രതി

11 Jun 20251 മിനിറ്റ് വായന
കൊച്ചി തീരത്തെ കപ്പലപകടത്തിൽ കേസെടുത്തു; ഒന്നാം പ്രതി കപ്പല്‍ കമ്പനി, ഷിപ്പ് മാസ്റ്റര്‍ രണ്ടാംപ്രതി

 

മേയ് 24-ന് കൊച്ചി തീരത്ത് അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 കപ്പലിനെതിരേ കേസെടുത്ത് പോലീസ്. ഫോർട്ട് കൊച്ചിപോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ എടുത്തിയിരിക്കുന്നത്. ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്.


സി. ഷാംജി എന്നയാളുടെ പരാതിയിൽ ബിഎൻഎസ് 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎസ്‌സി എൽസ 3 എന്ന കമ്പനി ഉടമയാണ് ഒന്നാം പ്രതി. രണ്ടാപ്രതി കപ്പൽ ഷിപ്പ് മാസ്റ്റർ, മൂന്നാം പ്രതി ഷിപ്പിങ് ക്രൂ അംഗങ്ങളും മറ്റംഗങ്ങളേയും പ്രതിപ്പട്ടികയിൽ ചേർത്തെടുത്തിരിക്കുന്നത്.


എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടെന്ന അറിവ് നിലനിൽക്കെ മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്നും ഇതുവഴി അപകടമുണ്ടായെന്നും എഫ്.ഐ.ആറിൽ പറയുന്നു. അപകടത്തെത്തുടർന്ന കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കി. കൂടാതെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കാനും ഇത് ഇടയാക്കി. കപ്പൽ മൂലവും കടലിൽ പതിച്ച കണ്ടെയ്നറുകൾമൂലവും കപ്പൽ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളും പൊതുസഞ്ചാരത്തിന് മാർഗതടസം ഉണ്ടാക്കാനും ഇടയാക്കിയെന്നും എഫ്ഐആറിൽ ആരോപിക്കുന്നു.


കപ്പലപകടത്തിൽ കേസെടുക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതിനെതിരേ വ്യാപക വിമർശം ഉയർന്നിരുന്നു. കേസെടുക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കപ്പലപകടത്തിൽ ഫോർട്ട് കൊച്ചി പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക