അമരമ്പലത്ത് നാട്ടുകാരെ ഭീതിയിലാഴ്ത്തി കരടി ശല്യം: രണ്ടു ക്ഷേത്രങ്ങളിൽ നാശനഷ്ടം

മലപ്പുറം അമരമ്പലത്ത് പരിധിയിൽ കരടിയുടെ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം അമരമ്പലം പുഞ്ചയിൽ രണ്ടു ക്ഷേത്രങ്ങളിലാണ് കരടി കയറി നാശമുണ്ടാക്കിയത്. പുഞ്ച കൊടമുക്ക് ദേവി ക്ഷേത്രത്തിൻ്റെ വാതിൽ തകർത്തണ് കരടി അകത്തുകടന്നത്. എണ്ണയും നെയ്യും ഭക്ഷിച്ചു. പുലർച്ചെ വിളക്കുവെയ്ക്കാൻ എത്തിയപ്പോഴാണ് കരടി കയറിയ വിവരം അറിയുന്നത്. രണ്ടാം തവണയാണ് ഇവിടെ കരടി ആക്രമിക്കുന്നത്. ക്ഷേത്രത്തിലെ വിഗ്രഹം ഉൾപ്പെടെയുള്ള സാമഗ്രികൾ കരടി തട്ടിമറിച്ചിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ അകലെ മംഗലത്ത് ജാനകിയുടെ കുടുംബക്ഷേത്രത്തിലും കരടിയെത്തി. വാതിൽ തള്ളിത്തുറന്ന് എണ്ണ കുടിച്ചിട്ടുണ്ട്. ആൾതാമസം ഇല്ലാത്ത തൊട്ടടുത്ത വീട്ടിലും കരടി നാശമുണ്ടാക്കി. വീടിനകത്തുള്ള ഗ്യാസ് അടുപ്പ്, പാത്രങ്ങൾ തുടങ്ങിയവ കരടി നശിപ്പിച്ചു. ഭീതിയിൽ കഴിയുകയാണ് അമരമ്പലത്തെ ജനങ്ങൾ. നാട്ടുകാരെ ആക്രമിക്കുന്നതിനു മുൻപേ കരടിയെ പിടികൂടണമെന്നാണ് ആവശ്യം.





