വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ബാരലുകള്‍ ഒഴുകിയെത്തുന്നു

വിഴിഞ്ഞത്തേയ്ക്ക് വീണ്ടും കെമിക്കലുകള്‍ അടങ്ങിയ ബാരലുകള്‍ ഒഴുകിയെത്തുന്നു. കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള ബാരലുകള്‍ കടലില്‍ ഒഴുകി നടക്കുകയാണ്.കഴിഞ്ഞ ദിവസം രാത്രി 11 എണ്ണം തീരത്തെത്തിയിരുന്നു. ഇന്നലെ കോവളം ഭാഗത്തു രണ്ടെണ്ണവും ആഴിമലഭാഗത്തു ഒരെണ്ണവും വിഴിഞ്ഞത്ത് അഞ്ചെണ്ണവും ലഭിച്ചു. ഇന്നലെ വൈകിട്ടു വരെ 19 ബാരലുകളാണ് ലഭിച്ചത്. കണ്ടയ്നറുകള്‍ നീക്കം ചെയ്യാൻ ഏല്‍പിച്ചിരിക്കുന്ന കമ്ബനി നേതൃത്വത്തില്‍ ഇവ ശേഖരിച്ചു കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലില്‍ ഒഴുകിനടക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ഭാരം കൂടിയ ബാരലുകള്‍ മത്സ്യബന്ധനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
മീൻപിടിക്കാനായി വല വിരിച്ച ശേഷം തിരികെ വലിച്ചുകയറ്റുമ്ബോഴാണ് ബാരലുകള്‍ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വലകള്‍ പൊട്ടി നഷ്ടം ഉണ്ടായതായി കാണിച്ച് രണ്ടു തൊഴിലാളികള്‍ കോസ്റ്റല്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പുറമെ കാണാൻ പറ്റാത്തതിനാലും രാത്രി മത്സ്യബന്ധനത്തിനു പോകുന്നതിനാലും എഞ്ചിനുകളിലോ വള്ളത്തിലോ തട്ടി ഇവ പൊട്ടുമോയെന്ന ആശങ്കയുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് ആഴിമല ഭാഗത്ത് ഒരെണ്ണം ഒഴുകിനടക്കുന്നതായി കണ്ടത്.
വ്യാഴാഴ്ച രാത്രിയാണ് മുങ്ങിയ കപ്പലിലെ കണ്ടയ്നറില്‍ നിന്നും വീണ കെമിക്കലുകള്‍ അടങ്ങിയ 11 ബാരലുകള്‍ മത്സ്യതൊഴിലാളികള്‍ വിഴിഞ്ഞം മത്സ്യബന്ധന തീരത്ത് എത്തിച്ചത്. പാമോകോള്‍ പിഡിഎ 1300 എന്നും മലേഷ്യ നിർമിതമെന്നും രേഖപ്പെടുത്തിയിട്ടുണ്ട് . 210 കിലോഗ്രമാണ് ഓരോ ബാരലിനുമുള്ളത്. വിഴിഞ്ഞത്തെ രണ്ട് വള്ളങ്ങളിലായി പോയ മത്സ്യ തൊഴിലാളികള്‍ക്കാണ് ലഭിച്ചത്. നീല നിറത്തിലുള്ള പ്ലാസ്റ്റിക് ബാരലുകളാണിവ. സോപ്പ്, സൗന്ദര്യ വർധക വസ്തുക്കള്‍, മറ്റ് ക്ലീനിംഗ് വസ്തുക്കള്‍ എന്നിവ നിർമ്മിക്കുന്ന ലിക്വിഡ് ആണെന്ന് പൊലീസ് പറഞ്ഞു. തീരത്തു നിന്നും 12 കിലോമീറ്റർ ഉള്ളിലാണ് ബാരലുകള്‍ കണ്ടെത്തിയത്. മത്സ്യബന്ധനത്തിനു പോയ വള്ളത്തിലും എഞ്ചിനിലും തട്ടിയതോടെയാണ് പിന്നാലെ വരുന്ന വള്ളങ്ങള്‍ക്കും അപകടം ഉണ്ടാകാൻ സാധ്യത കണ്ട് മത്സ്യ തൊഴിലാളികള്‍ ഇവ കരയിലെത്തിച്ച് അധികൃതരെ വിവരമറിയിച്ചത്.





