ഒരുപവൻ സ്വര്‍ണത്തിന് യുവാവിനെ കത്തിച്ചുകൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനുശേഷം പിടിയില്‍

കാഞ്ഞിരപ്പള്ളി: യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്തു.
കർണാടക വിരാജ്പേട്ട ശ്രീമംഗലം ആനന്ദ് സാജൻ (വിക്രം-36) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് കർണ്ണാടക-വയനാട് അതിർത്തിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഒരു പവൻ സ്വർണം കൈക്കലാക്കാൻ പൊറോട്ടയിലും മുട്ടയിലും വിഷംകലർത്തി കൊടുത്ത് മയക്കി യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.
2013- ല്‍ മുണ്ടക്കയം പറത്താനം മാരൂർ ടോം ജോസഫിനെ (25) അരയ്ക്ക് താഴോട്ട് തളർന്ന എരുമേലി ചരള ആമ്പശ്ശേരില്‍ ദീപു ചന്ദ്രനും സുഹൃത്ത് ആനന്ദും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്. ടോം ജോസഫിന്റെ സ്വർണവും പണവും മോഷ്ടിക്കുന്നതിനായി ഭക്ഷണത്തില്‍ വിഷം കലർത്തിയ ശേഷം മയക്കി ദീപുവിന്റെ കാറില്‍ തമിഴ്നാട്ടിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്.
കേസിലെ പ്രതികളിലൊരാളായ ആനന്ദ് 2016-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തുടർന്ന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയില്‍ കാട്ടിക്കുളത്ത് വാടകക്ക് താമസിച്ച്, ബാവലി അതിർത്തി കടന്ന് കർണാടകയില്‍ ജോലിചെയ്ത് വരികയായിരുന്നു. ഇയാളുടെ ബന്ധുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് ഇയാളേക്കുറിച്ച് വിവരം ലഭിച്ചത്.
കോട്ടയം സെഷൻസ് കോടതിയില്‍ കേസിന്റെ വിചാരണ നടന്നുവരികയാണ്. പ്രതികളിലൊരാളായ ദീപു ചന്ദ്രൻ കലയപുരം ആശ്രയ സങ്കേതത്തില്‍ അന്തേവാസിയാണ്. എസ്പി ഷാഹുള്‍ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി എസ്‌എച്ച്‌ഒ കെ.ജി. ശ്യാംകുമാറിന്റെ നിർദ്ദേശ പ്രകാരം എസ്‌ഐ നജീബ്, സിപിഒ വിമല്‍ ബി. നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2010-ല്‍ മുണ്ടക്കയത്ത് ആശുപത്രി കാന്റീനില്‍ ജോലിചെയ്യുമ്ബോളാണ് ടോം, ദീപുവുമായി പരിചയപ്പെടുന്നത്. അംഗപരിമിതനായ ദീപുവിനെ ടോം സാമ്പത്തികമായി സഹായിച്ചിരുന്നു. സ്വകാര്യ ടിവി ചാനലില്‍ ദീപുവിന്റെ രോഗത്തേക്കുറിച്ച് വാർത്ത വന്നതോടെ ലഭിച്ച സഹായം ഉപയോഗിച്ച് കാർ വാങ്ങി ലോട്ടറി കച്ചവടം തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കൂർഗില്‍ കാപ്പിപ്പൊടി ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന ആനന്ദിനെ കൂട്ടുപിടിച്ച് കച്ചവടം നടത്താൻ ശ്രമിച്ചു. ഇതും പരാജയപ്പെട്ടതോടെയാണ് കാഞ്ഞിരപ്പള്ളിയില്‍ സഹോദരന്റെ ചായക്കടയില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്ന ടോമിന്റെ സ്വർണമാലയും പണവും മോഷ്ടിക്കാൻ പദ്ധതിയിട്ടത്.
ടോമിന് ഇരുവരും ചേർന്ന് ഭക്ഷണത്തില്‍ വിഷം കലർത്തി നല്‍കുകയായിരുന്നു. ഇത് കഴിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ടോമിന് ഇവർ കുപ്പി വെള്ളത്തിലും വിഷം കലർത്തി നല്‍കി. തുടർന്ന് കാറില്‍ തമിഴ്നാട് ദേവദാനപ്പെട്ടിയില്‍ ആളില്ലാത്ത സ്ഥലത്തെത്തിച്ച് ശരീരത്തില്‍ ടയറും ട്യൂബും കെട്ടി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയത്.





