വ്യാജമയക്കുമരുന്ന് കേസില്‍ അറസ്റ്റ്; യുവാക്കള്‍ക്ക് 151 ദിവസം ജയില്‍വാസം, പിടിച്ചത് കല്‍ക്കണ്ടമെന്ന് തെളിഞ്ഞു

കാസർകോഡ്:വ്യാജ മയക്കുമരുന്ന് കേസില്‍ യുവാക്കളെ അറസ്റ്റ് ചെയ്തതായി വിവരം. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലില്‍ അടച്ചത്.
പിടികൂടിയത് മയക്കുമരുന്നല്ലെന്ന് മാസങ്ങള്‍ക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് യുവാക്കള്‍ക്ക് മോചനം സാധ്യമായത്. കാസർകോട് കോളിച്ചാല്‍ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്ക് ജയിലില്‍ കിടക്കേണ്ടി വന്നത് 151 ദിവസമാണ്. ലാബ് പരിശോധനാ ഫലത്തില്‍ പിടിച്ചത് മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവാക്കള്‍ ജയില്‍ മോചിതരായത്.
2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. പിന്നീട് നടക്കാവ് പൊലീസിന് കൈമാറി കേസെടുക്കുകയായിരുന്നു. മയക്കുമരുന്നാണെന്ന് പറഞ്ഞ് പിടികൂടിയത് സുഹൃത്ത് വീട്ടിലേക്ക് വാങ്ങിയ കല്‍ക്കണ്ടമെന്ന് ജയില്‍ മോചിതനായ ബിജു മാത്യു പറഞ്ഞു. കല്‍ക്കണ്ടമാണെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. നാട്ടില്‍ അപഹാസ്യനും ഒറ്റപ്പെട്ടവനും ആയെന്നും യുവാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.





