Kerala
HomeNews

റോഡിൽ സുരക്ഷ ഉറപ്പാക്കാൻ വാഹന പരിശോധന തുടങ്ങി

27 May 20251 മിനിറ്റ് വായന
റോഡിൽ സുരക്ഷ ഉറപ്പാക്കാൻ വാഹന പരിശോധന തുടങ്ങി

 

മധ്യവേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്കൂൾവാഹനങ്ങളുടെ സർക്കാർ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്കൂൾവാഹനങ്ങളുടെ പരിശോധന പൂർത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.


സ്കൂൾബസുകൾ അപകടത്തിൽപ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് വിദ്യാർഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാൻ മോട്ടോർവാഹന വകുപ്പ് സ്കൂൾബസുകളുടെ സുരക്ഷാപരിശോധന കർശനമാക്കിയത്. 'സേഫ് സ്കൂൾ ബസ്' എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്കൂൾ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചു.


സ്കൂൾ വാഹനങ്ങൾ എങ്ങനെയായിരിക്കണം


മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റർ വീതിയുള്ള ബ്രൗൺ ബോർഡ്‌ നിർബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകൾ, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങൾക്കുള്ള ഫോൺ നമ്പർ എഴുതണം. പോലീസ് (100), അഗ്നിരക്ഷാസേന (101), ആംബുലൻസ് ((108), ചൈൽഡ് ഹെൽപ് ലൈൻ (1098) എന്നിവയാണ് അടിയന്തര ഫോൺനമ്പറുകൾ. സ്കൂളിന്റെ പേരും മേൽവിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡൽ ഓഫീസറുടെ ഫോൺ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്കുൾ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്കൂൾ ബസ് ഡ്രൈവറായി പ്രവർത്തിക്കാൻ കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയം നിർബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോർ അറ്റൻഡറോ ബസിൽ ഉണ്ടാകണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക