കരിപ്പൂരിൽ ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് നാളെ സമാപനം; ഇതുവരെ യാത്രയായത് 5340 തീർത്ഥാടകർ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കരിപ്പൂരിൽ നാളെ പരിസമാപ്തിയാകും. അവസാന വിമാനത്തിലുള്ള തീർത്ഥാടകർ ഇന്ന് രാവിലെ പത്ത് മണിയോടെ ഹജ്ജ് ക്യാമ്പിലെത്തും. രാത്രി ഒമ്പതോടെ വിമാനത്താവളത്തിലേക്ക് തിരിക്കുന്ന ഇവർ വ്യാഴാഴ്ച പുലർച്ചെ 1.10ന് ഐ.എക്സ്. 3029 നമ്പർ വിമാനത്തിൽ 88 പുരുഷന്മാരും 81 സ്ത്രീകളും ഉൾപ്പെടെ 169 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പറക്കും
ഇതോടെ കരിപ്പൂർ വഴിയുള്ള ഈ വർഷത്തെ ഹജ്ജ് തീർത്ഥാടന യാത്ര പൂർണ്ണമാകും. മേയ് ഒമ്പതിനാണ് കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് ആരംഭിച്ചത്. ഇതുവരെ 31 വിമാനങ്ങളിലായി 5340 തീർത്ഥാടകരാണ് കരിപ്പൂർ വഴി യാത്രയായത്
കണ്ണൂരിൽ നിന്ന് മേയ് 29നും കൊച്ചിയിൽ നിന്ന് 30 നുമാണ് അവസാന വിമാനങ്ങൾ പുറപ്പെടുന്നത്
ഹജ്ജ് ക്യാമ്പിലെ വളണ്ടിയർമാർക്കുള്ള പ്രത്യേക അനുമോദനം ഇന്ന് വൈകുന്നേരം ഹജ്ജ് ഹൗസിൽ നടക്കും. സർവീസിൽ നിന്നും വിരമിക്കുന്ന കോഴിക്കോട് എയർപോർട്ട് ഡയറക്ടർക്ക് പ്രത്യേക യാത്രയയപ്പും ഹജ്ജ് ക്യാമ്പിൽ വെച്ച് നൽകും
ഇന്ന് കരിപ്പൂരിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട വിമാനത്തിൽ 94 പുരുഷന്മാരും 79 സ്ത്രീകളും യാത്രയായി. രാവിലെ 9.20ന് പുറപ്പെടുന്ന വിമാനത്തിൽ 85 പുരുഷന്മാരും 88 സ്ത്രീകളും, വൈകുന്നേരം 5.55ന് പുറപ്പെടുന്ന വിമാനത്തിൽ 95 പുരുഷന്മാരും 77 സ്ത്രീകളുമാണ് യാത്രയാവുക





