Kerala
HomeNews

പ്രസവശേഷം ഇരട്ടക്കുട്ടികളെയുമായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

23 May 20251 മിനിറ്റ് വായന
പ്രസവശേഷം ഇരട്ടക്കുട്ടികളെയുമായി വീട്ടിലേക്ക് പോകുന്നതിനിടെ കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

 



തൃശ്ശൂർ:ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. രാത്രി എട്ട് മണിയോടെ ആമ്ബല്ലൂരിലായിരുന്നു സംഭവം.കാറില്‍ സഞ്ചരിച്ചിരുന്ന ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രസവ ശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്ക് മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. മുരിങ്ങൂർ ഐക്കരപ്പറമ്ബില്‍ വീട്ടില്‍ സജി ഉള്‍പ്പടെ അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്.

കാറിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടനെ ഇവർ കാറില്‍ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഡോറുകള്‍ തുറക്കാൻ കഴിഞ്ഞില്ല. ഇത് പരിഭ്രാന്തിക്കിടയാക്കി. എന്നാല്‍ അല്‍പസമയത്തിനുള്ളില്‍ ഡോറുകള്‍ തുറക്കാൻ കഴിഞ്ഞതോടെ വലിയ ദുരന്തം ഒഴിവാവുകയായിരുന്നു. പെട്ടെന്ന് കാറില്‍ നിന്നിറങ്ങിയ കുടുംബം കാറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതിന് തൊട്ടുപിന്നാലെ തീ ആളിപടരുകയായിരുന്നു.

കാർ പൂർണ്ണമായും കത്തിനശിച്ചു. പുതുക്കാട് നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മുരിങ്ങൂർ സ്വദേശിയായ പൂഞ്ഞക്കാരൻ ജോസഫ് തങ്കച്ചന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. അപകടത്തെ തുടർന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് രക്ഷാപ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക