എറണാകുളത്ത് മോഷണം പോയ ഫോൺ 3 മാസത്തിനുശേഷം തിരിച്ചുകിട്ടി; സഹായകമായത് സിയർ (സിഇഐആർ) ആപ്ലിക്കേഷൻ

എറണാകുളം കളമശ്ശേരിയിൽ 3 മാസം മുൻപ് മോഷണം പോയ മൊബൈൽഫോൺ കരിക്കോട്ടക്കരി പൊലീസിന്റെ ഇടപെടലിൽ ഉടമസ്ഥനു തിരിച്ചുകിട്ടി. കരിക്കോട്ടക്കരി സ്വദേശി അജീഷ് മൈക്കിളിന്റെ ഫോണാണ് വീണ്ടുകിട്ടിയത്. 3 മാസം മുൻപ് എറണാകുളം കളമശേരിയിൽ റോഡരികിൽ വാഹനം പാർക്ക് ചെയ്ത് ഉറങ്ങിയ സമയത്ത് ഫോണും എടിഎം കാർഡും 4000 രൂപയും മോഷണം പോയി. പിറ്റേന്നു കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
കരിക്കോട്ടക്കരി പൊലീസ് സിയർ ആപ്ലിക്കേഷനിലും പരാതി റജിസ്റ്റർ ചെയ്തു. ഒരാഴ്ച മുൻപ് പരാതിക്കാരന്റെ മൊബൈൽ നമ്പറിലേക്കു നഷ്ടപ്പെട്ട ഫോൺ സ്വിച്ച് ഓൺ ആയതായി സന്ദേശം ലഭിച്ചു. അജീഷ് ഉടൻ തന്നെ കരിക്കോട്ടക്കരി പൊലീസ് എസ്എച്ച്ഒ കെ.ജെ.വിനോയിയെ ഇക്കാര്യം അറിയിച്ചു. പൊലീസ് ഫോൺ ഉപയോഗിക്കുന്ന വ്യക്തിയുടെ ലൊക്കേഷൻ ഉൾപ്പെടെ ശേഖരിച്ചു അയാളുമായി ബന്ധപ്പെട്ട് ഫോൺ തിരിച്ചു നൽകാൻ ആവശ്യപ്പെടുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ആയിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ചത്.
മൊബൈൽ ഫോൺ തനിക്ക് കളഞ്ഞു കിട്ടിയതാണെന്നും ഡിസ്‌പ്ലേ ഉൾപ്പെടെ തകർന്ന നിലയിൽ ആയിരുന്നു എന്നും ആണ് പൊലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പരാതിക്കാരന്റെ എറണാകുളത്തുള്ള സുഹൃത്തിന്റെ കൈവശം ഫോൺ കൈമാറി. നാട്ടിൽ എത്തിച്ച ഫോൺ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥന് കൈമാറി. സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സനൂഷും അന്വേഷണത്തിൽ പങ്കെടുത്തു.





