എം എസ് സി എൽസ 3 കപ്പൽ പൂർണമായും മുങ്ങി; നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങൾ

അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പല്‍ പൂർണമായും മുങ്ങി. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പൽ മുങ്ങിയത്. കപ്പൽ മുങ്ങിയ സ്ഥലത്ത് മീൻപിടിത്തം പാടില്ല എന്ന നിർദേശമുണ്ട്. ഏകദേശം 100ഓളം കണ്‍ടെയ്‌നറുകൾ കടലില്‍ വീണിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കടലിൽ വീണ കണ്ടെയ്നറുകൾ ഏകദേശം 3 കിലോ മീറ്റര്‍ വേഗത്തില്‍ ആണ് കടലില്‍ഒഴുകി നടക്കുന്നത്.
കോസ്റ്റ് ഗാര്‍ഡ് രണ്ട് കപ്പലുകള്‍ ഉപയോഗിച്ച് എണ്ണ തടയാന്‍ നടപടി സ്വീകരിച്ച് വരുന്നു. ഒരു ഡോണിയര്‍ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാന്‍ ഉള്ള പൊടി എണ്ണ പാടയ്ക്ക് മുകളിൽ തളിക്കുന്നുണ്ട്.
ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളില്‍ ആണ് കണ്ടെയ്നര്‍ എത്താന്‍ കൂടുതല്‍ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാല്‍ കേരള തീരത്ത് പൂര്‍ണ്ണമായും ജാഗ്രത നേര്‍ദേശം നല്കിയിട്ടുണ്ട്.
തീരത്ത് അപൂര്‍വ വസ്തുക്കള്‍, കണ്‍ടെയ്‌നര്‍ എന്നിവ കണ്ടാല്‍ തൊടരുത്, അടുത്ത് പോകരുത്, അവയുടെ അടുത്ത് കൂട്ടം കൂടരുത്, 200 മീറ്റർ എങ്കിലും അകലെ നില്‍ക്കുക. ഇത്തരത്തിൽ എന്തെങ്കിലും വസ്തുക്കൾ കണ്ടാൽ 112ല്‍ അറിയിക്കുക എന്ന നിര്‍ദേശം എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്കിയിട്ടുണ്ട്.
കപ്പല്‍ മുങ്ങിയ ഇടത് നിന്നും 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് ആരും മത്സ്യ ബന്ധനത്തിന് പോകരുത്. അപൂര്‍വ വസ്തുക്കള്‍, കണ്ടെയ്നർ എന്നിവ കണ്ടാല്‍ തൊടരുത്,അടുത്ത് പോകരുത്.
അപകടത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കപ്പലുണ്ടായിരുന്ന 24 പേരെയും രക്ഷപ്പെടുത്തി. കോസ്റ്റുകാർഡിന്റെയും നേവിയുടെ നേതൃത്വത്തിൽ നടന്ന ദൗത്യത്തിൽ 21 പേരെയും രക്ഷാപ്രവർത്തനത്തിൽ എത്തിയ കപ്പലുകളിലേക്ക് മാറ്റിയിരുന്നു. ക്യാപ്റ്റനും മറ്റ് രണ്ടുപേരും അടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു കപ്പൽ. എന്നാൽ ഇന്ന് രാവിലെയോടെ കപ്പൽ വീണ്ടും മുങ്ങി തുടങ്ങുകയായിരുന്നു. തുടർന്ന് കപ്പലുണ്ടായിരുന്ന ക്യാപ്റ്റനെയും മറ്റു രണ്ടു പേരെയും ഐഎൻഎസ് സുജാതയിലേക്ക് മാറ്റി . കപ്പലുണ്ടായിരുന്ന മുഴുവൻ പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.





