ഹെല്‍മെറ്റില്ല പൊലീസ് ജീപ്പ് കണ്ട് ബൈക്ക് തിരിച്ചു, പിന്നാലെയെത്തി വൻതുക പിഴയിട്ട് പൊലീസ്, പ്രതികാരമെന്ന് പരാതി

അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിന് പ്രതികാരമായി ബൈക്ക് യാത്രക്കാരന് എസ്‌ഐ ഒൻപതിനായിരം രൂപ പിഴ ചുമത്തിയതായി പരാതി.ഇടുക്കി വണ്ടൻമേടിനു സമീപത്താണ് സംഭവം.അച്ഛൻകാനം സ്വദേശി രാഹുലിനാണ് കനത്ത പിഴ ചുമത്തിയത്.ഞായറാഴ്ച വൈകിട്ടാണ് സംഭവം. രാഹുലും സഹോദരനും ബൈക്കില്‍ തറവാട്ടു വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം വണ്ടൻമേട് എസ് ഐ ബിനോയ് എബ്രഹാമും ഡ്രൈവറും പുറ്റടിയില്‍ നിന്നും അണക്കര ഭാഗത്തേക്ക് വരുന്നത് ദൂരെ നിന്നു കണ്ടു.
അച്ചൻകാനം എന്ന സ്ഥലത്തേക്ക് പോകാൻ രാഹുല്‍ ബൈക്ക് തിരിച്ചു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇത് കണ്ട് പൊലീസ് വാഹനം ഇവരുടെ പുറകെയെത്തി. തുടർച്ചയായി ഹോണ്‍ മുഴക്കിയപ്പോള്‍ ബൈക്ക് സൈഡിലേക്ക് ഒതുക്കി. പൊലീസ് ജീപ്പ് ബൈക്കിനു കുറുകെ നിർത്തി.രണ്ടു പേരുടെയും ദേഹവും വാഹനവും പരിശോധിച്ചു ശേഷം താക്കോല്‍ എടുക്കാൻ ഡ്രൈവറോട് നിർദ്ദേശിച്ചു. പിന്നാലെ ആറായിരം രൂപ പിഴ ചുമത്തിയ ശേഷം പൊലീസ് ഒപ്പിടാൻ നിർദ്ദേശിച്ചു. ചെയ്യാത്ത കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ രാഹുല്‍ ഒപ്പിടാൻ വിസമ്മതിച്ചു. പിറ്റേ ദിവസം രാവിലെ പരിശോധിച്ചപ്പോഴാണ് ഒൻപതിനായിരമാണ് പിഴയെന്ന് മനസ്സിലായത്. ഹെല്‍മറ്റ് ധരിക്കാത്തതിനു പുറമെ റൂട്ട് വെട്ടിച്ചുരുക്കുന്നതിന് ബസുകള്‍ക്ക് ചമുത്തുന്ന പിഴയും ബൈക്ക് റെയ്സിംഗ് നടത്തുന്ന കുറ്റവുമുള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
കുണ്ടും കുഴിയുമുള്ള റോഡിലൂടെ സാവധാനമാണ് ബൈക്ക് ഓടിച്ചതെന്നാണ് രാഹുല്‍ പറയുന്നത്. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല പോലീസ് മേധാവിക്കും രാഹുല്‍ പരാതി നല്‍കി. അതേസമയം കൈകാണിച്ചിട്ടും നിർത്താതെ പോയത് ചോദിച്ചപ്പോള്‍ തട്ടിക്കയറുകയാണ് രാഹുലും സഹോദരനും ചെയ്തതെന്നാണ് എസ് ഐ ബിനോയ് പറഞ്ഞത്. ചെയ്ത കുറ്റത്തിനുള്ള പിഴയാണ് ചുമത്തിയതെന്നും തെറ്റായി രേഖപ്പെടുത്തിയ വകുപ്പ് ഒഴിവാക്കാൻ കത്ത് നല്‍കിയിട്ടുണ്ടെന്നുമാണ് എസ് ഐ യുടെ വിശദീകരണം.





