Kerala
HomeNews

ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചു, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് യുവതി

22 May 20241 മിനിറ്റ് വായന
ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ചു, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് യുവതി


കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച് ഇറങ്ങിയോടിയ സ്ത്രീയെ സഹയാത്രക്കാരി ഒറ്റയ്ക്ക് അരക്കിലോമീറ്ററോളം ഓടിച്ചിട്ടു പിടിച്ചു. എരഞ്ഞിപ്പാലം ജംങ്ഷനില്‍ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണു സംഭവം. മറ്റു യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് തലക്കുളത്തൂര്‍ എടക്കര സ്വദേശിനി താഴയൂരിങ്കല്‍ മിധു ശ്രീജിത്ത് (34) കവര്‍ച്ചക്കാരിയെ കീഴ്പ്പെടുത്തിയത്. പിടിയിലായ തമിഴ്‌നാട് മധുര മാരിയമ്മന്‍ കോവില്‍ സ്വദേശിനി മാരിയമ്മയെ (45) കോടതി റിമാന്‍ഡ് ചെയ്തു.

എരഞ്ഞിപ്പാലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധു രാവിലെ ജോലിക്കായി ബസിറങ്ങിയതായിരുന്നു. മറ്റു യാത്രക്കാര്‍ ഇറങ്ങുന്നതിനിടെ, ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു. അതോടെ, ആരും പോകരുതെന്നു കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ബസിറങ്ങി ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുകയായിരുന്ന മാരിയമ്മ ആ സമയത്തു ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവര്‍ ഒച്ചവച്ചതോടെ മാരിയമ്മ പിന്‍വാതിലിലൂടെ ഇറങ്ങി ഓടി. ഉടന്‍ മിധുവും പിന്നാലെ ഓടി.

എരഞ്ഞിപ്പാലം ജംങ്ഷനിലെത്തിയ മാരിയമ്മ അതുവഴി വന്ന ഓട്ടോയിലും ബസിലും കയറാന്‍ നോക്കിയെങ്കിലും മോഷ്ടാവാണെന്നു മിധു ഉറക്കെ വിളിച്ചു പറഞ്ഞു. അതോടെ എരഞ്ഞിപ്പാലം ജംങ്ഷനില്‍ നിന്നു മാരിയമ്മ കാരപ്പറമ്പ് ഭാഗത്തേക്ക് ഓടി. 400 മീറ്ററോളം പിന്നാലെ ഓടിയ മിധു ഒടുവില്‍ ബലപ്രയോഗത്തിലൂടെ മാരിയമ്മയെ കീഴ്‌പ്പെടുത്തി. ഇതിനിടയില്‍ മാരിയമ്മയുടെ ചുരിദാര്‍ കീറിയെങ്കിലും മിധു അവരെ പൊതിഞ്ഞുപിടിച്ചു. പൊലീസിനെ വിവരം അറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക