Kerala
അന്വേഷണ ഉദ്യോസ്ഥര്‍ ചമഞ്ഞുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ഡിജിറ്റല്‍ അറസ്റ്റു'കളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്
15 May 20241 മിനിറ്റ് വായന
പൊലീസുദ്യോഗസ്ഥര്‍, സിബിഐ, നര്‍കോട്ടിക് വകുപ്പ്, റിസര്‍വ് ബാങ്ക്, ഇഡി എന്നിവയുടെ പേരില്‍ സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന ഭീഷണിപ്പെടുത്തല്‍, ബ്ലാക്ക്മെയില്‍, കൊള്ളയടി, 'ഡിജിറ്റല്‍ അറസ്റ്റുകള്‍' എന്നിവ സംബന്ധിച്ച് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ നിരവധി പരാതികളാണ് ദിവസവും ലഭിക്കുന്നത്.
ഇരയാകാന്‍ സാധ്യതയുള്ളവരെ വിളിച്ച് നിയമവിരുദ്ധമായ ചരക്കുകള്‍, മയക്കുമരുന്ന്, വ്യാജ പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും നിരോധിത വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന 'പാഴ്സല്‍ നിങ്ങളുടെ പേരില്‍ അയച്ചിട്ടുണ്ടെ'ന്നു പറഞ്ഞാണ് തട്ടിപ്പിന് തുടക്കം. ഇരയുടെ പ്രിയപ്പെട്ടവരോ ബന്ധുക്കളോ ഒരു കുറ്റകൃത്യത്തിലോ അപകടത്തിലോ ഉള്‍പ്പെട്ടതായി പറയുകയും കസ്റ്റഡിയിലാണെന്നു അറിയിക്കുകയും ചെയ്യും. കേസ് ഒത്തുതീര്‍പ്പ് ആക്കാന്‍ പണം ആവശ്യപ്പെടും.
ചിലപ്പോള്‍, ഇരകളെ 'ഡിജിറ്റല്‍ അറസ്റ്റിന് ' വിധേയരാക്കും. ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ തട്ടിപ്പുകാര്‍ സ്‌കൈപ്പിലോ മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമിലോ അവരുമായി സംവദിക്കും. പൊലീസ് സ്റ്റേഷനുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും മാതൃകയിലുള്ള സ്റ്റുഡിയോകള്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുകയും 'യഥാര്‍ഥ വേഷം' ധരിക്കുകയും ചെയ്യും.
രാജ്യത്തുടനീളം നിരവധിയാളുകള്‍ക്ക് വന്‍ തുകയാണ് ഇത്തരത്തില്‍ നഷ്ടമായത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.തട്ടിപ്പുകാരുടെ വിളിയെത്തിയാലുടന്‍ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനില്‍ അറിയിക്കണം. ഹെല്‍പ്ലൈന്‍ നമ്പര്‍: 1930-. ഇമെയില്‍: www.cybercrime.gov.in.





