Kerala
ഇന്ന് 117പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയെന്ന് മോട്ടോർ വാഹന വകുപ്പ്, ടെസ്റ്റ് പാസായത് 52 പേർ മാത്രം
13 May 20241 മിനിറ്റ് വായന
സംയുക്ത സമരസമിതിയുടെ പ്രതിഷേധം കാരണം കഴിഞ്ഞ പത്തുദിവസമായി ടെസ്റ്റ് തടസ്സപ്പെട്ടിരിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് എങ്ങനെയും ടെസ്റ്റു നടത്തുമെന്ന വാശിയിലായിരുന്നു മോട്ടോർവാഹനവകുപ്പ്. സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വിനോദിന്‍റെ മകളാണ് എച്ച് എടുക്കാൻ എത്തിയത്.
പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു . റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സംഘർഷത്തിനിടെ പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പൊലീസ് അകത്തേക്ക് കയറ്റിവിട്ടു. കാറിന്‍റെ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു .117 പേർ ടെസ്റ്റിനെത്തിയെന്നും 52 പേർ വിജയിച്ചുവെന്നുമാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.
എന്നാല്‍, എവിടെയൊക്കെയാണ് ടെസ്റ്റുകള്‍ നടന്നതെന്ന കാര്യം വകുപ്പ് വ്യക്തമാക്കുന്നില്ല. ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൾ ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയായി വിനോദ് വലിയതുറ പൊലീസിൽ പരാതി നൽകി. ഇതിനിടെ സമരം കടുപ്പിക്കുന്നതിൻറെ ഭാഗമായി സംയുക്ത സമരസമിതി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. നാളെ മുതൽ സമരം ശക്തമാക്കുമെന്നാണ് സമരസമിതി പറയുന്നത്.





